EBM News Malayalam

കേരളത്തിലെ കൊവിഡ് പ്രതിരോധ നടപടികളെ പ്രശംസിച്ച നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്ത് കോണ്‍ഗ്രസ്

മലപ്പുറം: കേരളത്തിലെ കൊവിഡ് പ്രതിരോധ നടപടികളെ പ്രശംസിച്ച മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറിയായ ടികെ അലവിക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്ത് കോണ്‍ഗ്രസ്. സ്വജീവന്‍ പണയപ്പെടുത്തിയും കൊറോണയുടെ ഭീഷണിയെ തടഞ്ഞ് കേരളത്തെ രക്ഷിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെയും പോലീസ് സേനയുള്‍പ്പെടയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെയും ദുര്‍ബലപ്പെടുത്തുന്ന ഒരു നീക്കവും ജനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് ടികെ അലവിക്കുട്ടി ഫെയ്‌സ്ബുക്കില്‍ പറഞ്ഞിരുന്നു.

ഭരണകൂടത്തിന്റെ കുറ്റമറ്റ ഇടപെടലും കക്ഷി രാഷ്ട്രീയ ഭേദമന്യേ യോജിച്ച പ്രവര്‍ത്തനവും എല്ലാവിഭാഗം മതസാമുദായിക നേതാക്കളും സന്ദര്‍ഭത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് കാണിച്ച അസാധാരണവും അനുകരണീയവുമായ സഹകരണവുമാണ് നമ്മുടെ നാടിനെ ലോകത്തെ തന്നെ ‘സുരക്ഷിത മേഖല’ എന്ന മികച്ച നിലയിലേക്കുയര്‍ത്തിയത്.

അതുകൊണ്ടാണ് ലോകത്തെങ്ങമുള്ള മലയാളിസഹോദരങ്ങള്‍ എങ്ങനെയും നാട് പിടിക്കണമെന്ന് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ‘മഹാമാരിയെ ഫലപ്രദമായി നേരിടാനാകാതെ വികസിതരാജ്യങ്ങള്‍ പോലും ഇന്ന് വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ ഈ കൊച്ചുകേരളം വളരെ സമര്‍ത്ഥമായി നേരിടുകയാണ്. പ്രതീക്ഷയുടെ ഒരു ഇത്തിരിവെട്ടം ഇവിടെ തെളിഞ്ഞുകത്തുകയാണ്. ഇതില്‍ പൂര്‍ണമായ സഹകരണം കേരളത്തിലെ പ്രതിപക്ഷം നല്‍കിയിരുന്നെങ്കില്‍ നാളെ ചരിത്രം അത് രേഖപ്പെടുത്തുമായിരുന്നു’ എന്നാണ് അദ്ദേഹം കുറിച്ചത്.

എന്നാല്‍ ‘മൂല്യങ്ങള്‍ സംരക്ഷിക്കണോ, സ്വാര്‍ത്ഥമായ രഷ്ട്രീയമോഹങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കേണ്ടതുണ്ടോ എന്ന ചോദ്യമുയരുമ്പോള്‍, എന്തിന് സംശയിക്കണം, മൂല്യങ്ങളോടൊപ്പം അടിയുറച്ചുനില്‍ക്കുക എന്ന നിലപാട് തന്നെ’ എന്നാണ് പാര്‍ട്ടി അച്ചടക്ക നടപടിയെടുത്തതിന് പിന്നാലെ അദ്ദേഹം വ്യക്തമാക്കിയത്.

Comments are closed.