EBM News Malayalam

ലോക്ക്ഡൗണിലൂടെ 78,000 ജീവന്‍ രക്ഷിക്കാനായെന്ന വാദവുമായി ആരോഗ്യമന്ത്രാലയം

ദില്ലി: രോഗവ്യാപനം തീവ്രമാകുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നുവെന്ന ആക്ഷേപം ശക്തമായ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണില്ലായിരുന്നെങ്കില്‍ രാജ്യത്ത് 20 ലക്ഷം പേരെങ്കിലും ഇപ്പോള്‍ രോഗബാധിതരാകുമായിരുന്നുവെന്നും കൂടാതെ മരണസംഖ്യ 78,000 വരെയാകുമായിരുന്നു എന്നും വ്യക്തമാക്കുകയാണ് ആരോഗ്യമന്ത്രാലയം.

മരണനിരക്ക് ഇപ്പോള്‍ 3.02 ശതമാനം മാത്രമാണ്. പബ്ലിക്ക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഉള്‍പ്പടെ പല ഏജന്‍സികളുടെ കണക്കുകള്‍ നിരത്തിയ കേന്ദ്രം ലോക്ക്ഡൗണ്‍ ഇല്ലായിരുന്നുവെങ്കില്‍ 37,000 മുതല്‍ 78,000 വരെ പേര്‍ മരിക്കുമായിരുന്നു എന്നാണ് വ്യക്തമാക്കിയത്. അതേസമയം 20 ലക്ഷം പേരെങ്കിലും ഇതിനകം രോഗബാധിതര്‍ ആകുമായിരുന്നുവെന്ന് അവകാശപ്പെട്ട കേന്ദ്രം ഇത് 29 ലക്ഷം വരെ ആകാമെന്ന് ചൂണ്ടിക്കാട്ടിയ പഠനങ്ങളുമുണ്ടെന്നും വ്യക്തമാക്കി.

ഇപ്പോഴത്തെ രോഗമുക്തി നിരക്ക് 41 ശതമാനമാണ്. കൂടാതെ വൈറസിന്റെ വ്യാപന നിരക്ക് 22 ശതമാനത്തില്‍ നിന്ന് 5.5 ശതമാനമായി. കേസുകള്‍ ഇരട്ടിക്കുന്നത് 3.5 ദിവസത്തില്‍ നിന്ന് 13.5 ദിവസമായി കൂടി. ലോക്ക്ഡൗണ്‍ കാരണം നിരക്ക് കുറഞ്ഞു എന്നാണ് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനം.

Comments are closed.