EBM News Malayalam

ആഭ്യന്തരവിമാന സര്‍വീസ് തുടങ്ങാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ദില്ലി: ആഭ്യന്തരവിമാന സര്‍വീസ് തുടങ്ങാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നതടക്കം 11 ഇന നിര്‍ദേശങ്ങളായിരുന്നു പ്രതിപക്ഷം സര്‍ക്കാരിന് മുന്നില്‍ നിരത്തിയത്. എന്നാല്‍ ഈ ആവശ്യം കേന്ദ്രം പൂര്‍ണമായും തള്ളിയിരുന്നു. അതേസമയം കൊവിഡ് ഏറ്റവുമധികം പടരുന്ന മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് വിമാന സര്‍വീസ് ആരംഭിക്കുന്നത് വ്യാപനം കൂട്ടിയേക്കാമെന്ന ആശങ്ക അറിയിച്ചത്.

മുംബൈയിലേക്ക് പ്രഖ്യാപിച്ച വിമാനസര്‍വീസ് ഒഴിവാക്കണമെന്ന് മഹാരാഷ്ട്ര ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതും അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായില്ല. തുടര്‍ന്ന് വിമാനസര്‍വീസ് തുടങ്ങാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്രം അറിയിച്ചു. മുതിര്‍ന്ന പൗരന്‍മാരെ വിലക്കാനാവില്ലെന്നും ആരോഗ്യമുള്ളവര്‍ക്ക് യാത്രസൗകര്യം ഒരുക്കുമെന്നും വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.

എന്നാല്‍ വിമാനയാത്രക്കാര്‍ക്ക് ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കാനാവില്ലെന്നാണ് വ്യോമയാനമന്ത്രി പറയുന്നത്. അതേസമയം കൂടിയാലോചനകള്‍ക്ക് ശേഷമാണ് രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങാന്‍ തീരുമാനിച്ചത്. സംസ്ഥാനങ്ങളുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി. ആദ്യഘട്ടത്തില്‍ മൂന്നിലൊന്ന് സര്‍വീസുകള്‍ തുടങ്ങും. ബോര്‍ഡിംഗ് പാസടക്കം ഓണ്‍ലൈന്‍ വഴിയാക്കി.

കൂടാതെ കൗണ്ടര്‍ ചെക്കിന്‍ ഉണ്ടാകുകയില്ല. പകരം വെബ് ചെക്കിംഗിലൂടെ ആളുകളെ കടത്തിവിടും. ഏഴ് സെക്ഷനുകളായി തിരിച്ചാകും സര്‍വീസ് ഉണ്ടാകുക. 40 മിനിട്ട് മുതല്‍ മൂന്നര മണിക്കൂര്‍ വരെയുള്ള യാത്ര സമയത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍വീസുകള്‍ തീരുമാനിച്ചിരിക്കുന്നത്. സാധാരണക്കാരന് താങ്ങാവുന്ന വിമാനയാത്രാകൂലിയാകുമുണ്ടാകുക.

ദില്ലി-മുംബൈ യാത്രക്ക് മിനിമം ചാര്‍ജ് 3500,കൂടിയ ചാര്‍ജ് പതിനായിരം രൂപ. കൂടിയ നിരക്കും കുറഞ്ഞ നിരക്കും നിജപ്പെടുത്തും. മൂന്ന് മാസത്തേക്കാണ് ഈ സംവിധാനം പ്രഖ്യാപിക്കുന്നത്. നാല്‍പത് ശതമാനം സീറ്റുകള്‍ പകുതി നിരക്കിന് താഴെ നല്‍കും. എന്നാല്‍ മധ്യഭാഗത്തെ സീറ്റ് ഒഴിച്ചിടാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

Comments are closed.