ഹജ്ജ് നയം: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: പുതിയ ഹജ്ജ് നയം പ്രഖ്യാപിക്കുന്നതിനുമുമ്പ് തന്നെ ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കേരള ഹജ്ജ് കമ്മിറ്റി നല്കിയ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. തുടര്‍ച്ചയായി നാലുതവണ അപേക്ഷിച്ചിട്ടും അവസരം കിട്ടാത്തവര്‍ക്ക് നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം നല്‍കുന്നതടക്കമുള്ള നയം കേന്ദ്ര സര്‍ക്കാര്‍ മാറ്റിയത് ചോദ്യംചെയ്യുന്നതാണ് ഹരജി. 70 വയസ്സ് കഴിഞ്ഞവര്‍ക്കും നാലു തവണ അപേക്ഷിച്ചിട്ടും അവസരം ലഭിക്കാത്തവര്‍ക്കും നറുക്കെടുപ്പില്ലാതെ അവസരം നല്‍കിയിരുന്നത് നിലനിര്‍ത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
കരിപ്പൂര്‍ വിമാനത്താവളം ഉള്‍പ്പെടെ 21 എംബാര്‍ക്കേഷന്‍ പോയന്റുണ്ടായിരുന്നത് വെട്ടിച്ചുരുക്കിയതും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് േക്വാട്ട വര്‍ധിപ്പിച്ചതും ഹജ്ജ് കമ്മിറ്റി കോടതിയില്‍ എതിര്‍ക്കും. സുപ്രീംകോടതി നിര്‍ദേശപ്രകാരം ഘട്ടം ഘട്ടമായി ഹജ്ജ് സബ്സിഡി ഇല്ലാതാക്കുന്നതിന് തങ്ങള്‍ എതിരല്ലെന്നും വിമാനനിരക്ക് കുറക്കാന്‍ ആഗോള ടെന്‍ഡര്‍ വിളിക്കണമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി അധ്യക്ഷന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞു മൗലവി പറഞ്ഞു.