EBM News Malayalam

സ്വാശ്രയ വിദ്യാലയങ്ങളും അതുയര്‍ത്തുന്ന പ്രശ്‌നങ്ങളും

സ്വാശ്രയ പ്രൊവിഷണല്‍ വിദ്യാലയങ്ങള്‍ തുടങ്ങാനുള്ള അനുമതി നല്‍കിയപ്പോള്‍ തന്നെ പ്രശ്‌നങ്ങളും ജന്മമെടുത്തു. സ്വാശ്രയ കോളേജുകള്‍ അനുവദിക്കുന്നതിനെതിരെ ശക്തമായ നിലപാട് എടുത്ത രാഷ്ട്രീയ കക്ഷികള്‍ തന്നെ, അധികാരത്തില്‍ വന്നപ്പോള്‍, അവ അനുവദിച്ചുകൊടുക്കുന്ന കാഴ്ചയാണ് ജനം കണ്ടത്. വിദ്യാഭ്യാസ വിദഗ്ദര്‍ അന്നു തന്നെ അതിന്‍റെ അപകടത്തെപ്പറ്റി മുന്നറിയിപ്പു നല്‍കി.

സ്വാശ്രയ പ്രൊവിഷണല്‍ കോളേജുകള്‍ അനുവദിച്ചതില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇന്നാണെങ്കില്‍ കോഴപ്പണമെല്ലാം കള്ളപ്പണത്തില്‍ പെടുമായിരുന്നു. പ്രവേശനത്തിനു വേണ്ടി വാങ്ങുന്ന ലക്ഷങ്ങള്‍, അഴിമതിയുടെ മറ്റൊരു മുഖം. കോഴയ്‌ക്കെതിരെ പ്രസംഗിക്കുന്നവര്‍ തന്നെ ഇടനിലക്കാരായി മാറുന്നതും അപൂര്‍വമല്ല. കോളേജുകള്‍ അനുവദിച്ചു കിട്ടുന്നതിനു വേണ്ടി പണം വാങ്ങി പ്രമുഖര്‍ക്ക് കൊടുക്കുന്നതിന് ഇടനിലക്കാരാകുന്നതും ഇക്കൂട്ടര്‍ തന്നെ. പ്രവേശന കോഴക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥി നേതാക്കള്‍ തന്നെ കോഴ വാങ്ങികൊടുത്ത് കമ്മീഷന്‍ വാങ്ങുന്നതും അപൂര്‍വ്വമല്ല. ഇത്തരകോഴകള്‍ക്ക് എം.എല്‍.എമാരും എം.പിമാരും ഇടനിലക്കാരായിട്ടുണ്ട്.

മാനേജ്‌മെന്റിന്‍റെ മാനസിക പീഢനത്താലും സമയത്ത് ഫീസ് കൊടുക്കാന്‍ കഴിയാത്തത്തിന്‍റെ പേരിലും, വിദ്യാഭ്യാസ വായ്പ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നപ്പോള്‍ ബാങ്ക് അധികൃതര്‍ ജപ്തി നടപടിയെടുത്തപ്പോഴും അത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണം ഒരു ഡസനിലധികം വരും. ഓരോ അത്മഹത്യ നടക്കുമ്പോഴും സമരങ്ങളും പ്രതിഷേധങ്ങളും വരും. കുറേ കഴിയുമ്പോള്‍ അതെല്ലാം കെട്ടടങ്ങും. അതാണ് ഇവിടത്തെപതിവ്.

പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു അത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന സമരങ്ങളും കുറച്ചു ദിവസം കഴിയുമ്പോള്‍ താനെ അവസാനിച്ചുകൊള്ളും. മുന്‍പത്തെപോലെ ഒത്തുതീര്‍പ്പ് ഫോര്‍മുലകളും പ്രഖ്യാപനങ്ങളും കുറവുമല്ല.

വിദ്യാര്‍ത്ഥികളെ പോലെതന്നെ മാനേജ്‌മെന്റും സംഘടിതരാണ്. അതിന്‍റെ തെളിവാണ് നൂറ്റി ഇരുപത് സ്വാശ്രയ കോളേജുകള്‍ ഇന്ന് അടച്ചിടുന്നത്. നാളെ മുതല്‍ പരീക്ഷകള്‍ തുടങ്ങാനിരിക്കെയാണ് ഇന്ന് കോളേജുകള്‍ അടച്ചിട്ടത്.

സ്വാശ്രയ എന്‍ജിനിയറിംങ്ങ് കോളേജുകളുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ പഠിക്കാന്‍ സ്വതന്ത്ര ഓംബുഡ്‌സ്മാനെ നിയമിക്കാനുള്ള കേരള സാങ്കേതിക സര്‍വകലാശാലയുടെ തീരുമാനം സ്വാഗതാര്‍ഹമാണ്. അതു പോലെ വിദ്യാര്‍ത്ഥികളുടെ പഠനം, ഹോസ്റ്റലിലെ സൗകര്യങ്ങള്‍, പരീക്ഷ നടത്തിപ്പ്, ഇന്റേണല്‍ അസ്സസ്‌മെന്റ് തുടങ്ങിയവ പരിശോധിച്ച് വേണ്ട നടപടികള്‍ എടുക്കാന്‍ വിദ്യാഭ്യാസ മന്ത്രി അദ്ധ്യക്ഷനായ ഉന്നതതല സമിതിയെ നിയോഗിക്കുന്നതും നല്ല കാര്യം തന്നെയാണ്. അതോടെ തന്നെ പാമ്പാടി കോളേജില്‍ നടന്നതുപോലുള്ള ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ സ്വാശ്രയ മാനേജ്‌മെന്റും സര്‍ക്കാരും ജാഗ്രത പുലര്‍ത്തേണ്ടതുമാണ്.

കിളിമാനൂര്‍ നടരാജന്‍
എഡിറ്റര്‍

Comments are closed, but trackbacks and pingbacks are open.