EBM News Malayalam

സ്വകാര്യ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആവശ്യമായ നിയമം സർക്കാർ കൊണ്ടുവരണം; ബിനോയ് വിശ്വം

തിരുവനന്തപുരം: സ്വാശ്രയ കോളേജുകൾക്കും എൺഎയ്ഡഡ് സ്കൂളുകൾക്കും വേണ്ട നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആവശ്യമായ നിയമം സർക്കാർ കൊണ്ടുവരണമെന്ന് സെൽഫ് ഫിനാൻസ് ആൻഡ് അൺഎയ്ഡഡ് ഇൻസ്റ്റിറ്റ്യൂഷൻസ് എംപ്ളോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) പ്രസിഡന്റ് ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേരളത്തിലെ സ്വകാര്യ സ്വാശ്രയ കോളേജുകളിലെയും അൺഎയ്ഡഡ് വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികൾ അനുഭവിക്കുന്ന മനുഷ്യത്വരഹിതമായ സംഭവങ്ങൾ ഞെട്ടിക്കുന്നതാണ്. ഇന്റേണൽ മാർക്ക് നൽകാനുള്ള അധികാരം ഉപയോഗിച്ച് വിദ്യാർത്ഥികളെ അടിമകളാക്കുന്നു. സ്പെഷ്യൽ ഫീസ് ഇനത്തിലും വൻതുക പിരിക്കുന്നുണ്ട്. ഈ മേഖലയിലെ ജീവനക്കാർക്ക് വ്യക്തമായ സേവന വേതനഘടന നടപ്പാക്കണം. നിശ്ചിത യോഗ്യതയുള്ളവർക്കു പോലും സർക്കാർ നടപ്പാക്കിയിട്ടുള്ള ആനുകൂല്യങ്ങൾ നൽകുന്നില്ല. ഇത് ചോദ്യംചെയ്യുന്നവരെ പിരിച്ചുവിടും. അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും തൊഴിൽ സുരക്ഷിതത്വമില്ല. വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം ഉൾക്കൊള്ളാതെ കച്ചവട മേഖലയായി കാണുന്ന ഇവർക്കെതിരെ ശക്തമായ നടപടി ഉണ്ടാവണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Comments are closed, but trackbacks and pingbacks are open.