സൌദി ഫുട്ബോള്‍ ടീമിന് നയിക്കാന്‍ ജുവാന്‍ അന്റോണിയോ പിസ്സി
സൌദി അറേബ്യന്‍ ഫുട്ബോള്‍ ടീമിന്റെ പുതിയ കോച്ചായി ജുവാന്‍ അന്റോണിയോ പിസ്സി ചുമതലയേറ്റേക്കും. സൌദി ഫുട്ബോള്‍ ഫെഡറേഷനെ ഉദ്ദരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്. ചിലിയുടെ മുന്‍ കോച്ചായിരുന്നു അന്റോണിയോ പിസ്സി.
സൌദിയുടെ കോച്ചായിരുന്ന അര്‍ജന്റീന മുന്‍ താരം എഡ്ഗാഡോ ബൌസയെ കഴിഞ്ഞയാഴ്ച ഫെഡറേഷന് പുറത്താക്കിയിരുന്നു. മോശം കളിയെ തുടര്‍ന്നായിരുന്നു തീരുമാനം. ഇതിന് പിന്നാലെയാണ് അര്ജന്റീനക്കാരന് തന്നെയായ അന്റോണിയോ പിസ്സിയെത്തുന്നത്. കോണ്‍ഫെഡറേഷന്‍ കപ്പില്‍ ചിലിയെ ജേതാവാക്കിയതിന് പിന്നില്‍ പിസ്സിയായിരുന്നു. എന്നാല്‍ ലോകകപ്പിലേക്കുള്ള മത്സരങ്ങളിലെ മോശം പ്രകടനത്തോടെ അദ്ദേഹം പിന്‍വാങ്ങി. ലോകകപ്പിന് പത്ത് വര്‍ഷത്തിന് ശേഷം പ്രവേശം നേടിയ സൌദിയെ നയിക്കാന്‍ ഇനി പിസ്സിയുണ്ടാകും.
സ്പോര്‍ട്സ് മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് മാസത്തിനിടെ സൌദിയിലെത്തുന്ന മൂന്നാമത്തെ കോച്ചാണ് പിസ്സി. സൌദിയെ വേള്‍ഡ് കപ്പിലേക്ക് പ്രവേശം നല്കിയ ബെര്‍ട് വാന്‍ മാര്‍വിക് ആദ്യം രാജി വെച്ചിരുന്നു. ഫെഡറേഷനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നായിരുന്നു ഇത്. അഞ്ച് തവണ ലോകകപ്പ് കളിച്ചിട്ടുണ്ട് സൌദി. റൌണ്ട് മത്സരങ്ങളില്‍ തന്നെ പുറത്താകാറാണ് പതിവ്. 49 കാരനായ പുതിയ കോച്ചിന്റെ കൌശലത്തില്‍ ടീമിന് എവിടെ വരെയെത്താനാകുമെന്ന് കാത്തിരുന്ന് കാണാം.