സി.പി.എം-സി.പി.ഐ ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഇല്ലെന്ന് മന്ത്രി എം.എം മണി
മൂന്നാര്‍: ഇടത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ സി.പി.എം- സി.പി.ഐ തര്‍ക്കങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടെ ഇരുപാര്‍ട്ടികളും തമ്മില്‍ പ്രശ്നങ്ങള്‍ ഇല്ലെന്ന് വ്യക്തമാക്കി വൈദ്യുതി മന്ത്രി എം.എം മണി. നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നതിന്റെ ഭാഗമായി മൂന്നാര്‍ സന്ദര്‍ശിക്കുന്നതിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നാറില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ രൂക്ഷമായ തര്‍ക്കങ്ങള്‍ ആണ് നിലനില്‍ക്കുന്നത്. മൂന്നാറിലെ സി.പി.ഐ പ്രവര്‍ത്തകര്‍ ഞായറാഴ്ച പ്രകടനം നടത്തിയിരുന്നു. എം.എം മണിയും രാജേന്ദ്രനും കെെയേറ്റക്കാരാണെന്ന് മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു സി.പി.ഐ പ്രവര്‍ത്തകരുടെ പ്രകടനം.
സി.പി.എമ്മിനെതിരെ ശബ്ദമുയര്‍ത്തുന്ന സി.പി.ഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും സി.പി.ഐ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരു പാര്‍ട്ടികളും തമ്മില്‍ പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്ന് വ്യക്തമാക്കി എം.എം മണി രംഗത്തെത്തിയിരിക്കുന്നത്.