EBM News Malayalam

സമ്പൂര്‍ണ്ണ മദ്യ നിരോധനം; മുഖ്യമന്ത്രി നിതീഷ് കുമാറിനെ പുകഴ്ത്തി പ്രധാനമന്ത്രി

പട്‌ന: ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ സമ്പൂര്‍ണ്ണ മദ്യ നിരോധനം ഏര്‍പ്പെടുത്തിയ നടപടിയെ പുകഴ്ത്തി പ്രധാനമന്ത്രി. ധീരമായ നടപടിയാണ് നിതീഷ് സ്വീകരിച്ചതെന്ന് മോഡി പറഞ്ഞു. 2015ലെ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ ബി.ജെ.പിയെ തറപറ്റിച്ച നിതീഷുമായി ഇതിനു ശേഷം ആദ്യമായാണ് മോഡി വേദി പങ്കിടുന്നത്. മദ്യനിരോധനം നിതീഷിന്‍റെയോ പാര്‍ട്ടിയുടേയോ മാത്രം ജോലിയല്ല, ഇത് നടപ്പിലാക്കേണ്ടതും നേട്ടം അനുഭവിക്കേണ്ടതും എല്ലാ പൗരന്മാരുടെയും കടമ കൂടിയാണെന്നും മോഡി ഓര്‍മ്മിപ്പിച്ചു. പട്‌നയില്‍ ഗുരു ഗോവിന്ദ് സിംഗിന്‍റെ 350ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന ‘പ്രകാശ് പര്‍വ്’ചടങ്ങില്‍ സംബന്ധിക്കുകയായിരുന്നു മോഡി. രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ ബിഹാര്‍ സഹായിക്കും. ഗുരു ഗോവിന്ദ് സിംഗ്, കര്‍പൂരി താക്കൂര്‍ തുടങ്ങി ജയപ്രകാശ് നാരായണ്‍ വരെയുള്ള നേതാക്കളെ സംഭാവന ചെയ്ത നാടാണിതെന്നും മോഡി പറഞ്ഞു. ഗുരു ഗോവിന്ദ് സിംഗിന് എങ്ങനെയാണ് ഇത്രമാത്രം ജനങ്ങളെ സ്വാധീനിക്കാന്‍ കഴിഞ്ഞതെന്ന് ലോകം മനസ്സിലാക്കണം. ചിന്തികളിലൂടെയും ആശയങ്ങളിലൂടെയും ജനങ്ങളെ സ്വാധീനിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഗുരു ഗോവിന്ദിന്‍റെ ജന്മദിനം രാജ്യത്തുമാത്രമല്ല, ലോകമെമ്പാടുമുള്ള ഇന്ത്യന്‍ എംബസികളിലും ആചരിക്കാന്‍ നിര്‍ദേശം നല്‍കിയതായും മോഡി പറഞ്ഞു.

Comments are closed, but trackbacks and pingbacks are open.