EBM News Malayalam

ലൗബേര്‍ഡ്‌സിനെ വളര്‍ത്തുമ്പോള്‍

തത്ത വര്‍ഗത്തില്‍പ്പെട്ട ചെറിയ ഇനം പക്ഷികളെയാണ് ലൗ ബേര്‍ഡ്‌സ്. ഇതിന് സാധാരണ 13-17 സെ.മീ നീളവും, 40-60 ഗ്രാം തൂക്കവും ഉണ്ടായിരിക്കും. കൂട്ടില്‍ ഒന്നിനേയും ജോഡിയായും, വളര്‍ത്താം. കൂട് ചുരുങ്ങിയത് 18 ഇഞ്ച് നീളവും 18 ഇഞ്ച് വീതിയും, 18 ഇഞ്ച് ഉയരവും (ഒരു പക്ഷിയെ മാത്രം വളര്‍ത്തുകയാണെങ്കില്‍) ഒരു ജോഡിയെയാണ് വളര്‍ത്തുന്നതെങ്കില്‍ അതിന് 24 ഇഞ്ച് നീളം, 18 ഇഞ്ച് വീതി, 24 ഇഞ്ച് ഉയരവും ഉണ്ടായിരിക്കണം.

കൂട് സ്ഥാപിക്കുമ്പോള്‍ സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന സ്ഥലത്തായിരിക്കരുത്. എയര്‍കണ്ടീഷന്‍ ഫിറ്റിംഗ്‌സിനടിയിലും ആയിരിക്കരുത്. വീട്ടിലുള്ളവരുടെ ശ്രദ്ധ എപ്പോഴും കിട്ടത്തക്കവിധത്തിലായിരിക്കണം. അടുക്കളയിലോ, അടുക്കളമുറ്റത്തോ സ്ഥാപിക്കരുത്. ഇത് ചില പാത്രങ്ങളില്‍ നിന്നും, പാത്രങ്ങള്‍ കഴുകാന്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥങ്ങളില്‍ നിന്നോ ചൂടാക്കുമ്പോള്‍ ഉണ്ടാകുന്ന ടെഫ്‌ലോണ്‍ വിഷാംശം ശ്വസിക്കാന്‍ ഇടവരും. ഇത് മാരകമായേക്കാം. കൂടിനകത്ത് കിളികള്‍ക്ക് ഇരിക്കാനും കളിക്കാനും ചെറിയ വ്യക്ഷ ശിഖരങ്ങള്‍ വെയ്ക്കണം. ഇത് പരുത്തതായിരിക്കരുത്. ആണെങ്കില്‍ കാലുകള്‍ക്ക് ക്ഷതം സംഭവിക്കാം. കൂടാതെ കളിപ്പാട്ടങ്ങള്‍, ഊഞ്ഞാല്‍, കണ്ണാടി, ചെറിയ ഏണി എന്നിവ സജ്ജീകരിക്കാം. കുടിക്കാനുള്ള വെള്ളവും തീറ്റയും സൗകര്യത്തില്‍ കിട്ടത്തക്കവണ്ണം സ്ഥാപിക്കണം.

കൂടിനകത്ത് താഴ്ചഭാഗത്ത് കടലാസ് വിരിക്കണം. ഇതില്‍ പൂഴി, ചെറിയ കല്ലുകള്‍, കരിങ്കട്ടകള്‍ എന്നിവയിട്ട്‌ മൂടുന്നത് നല്ലത്. ഇവയുടെ കാഷ്ടങ്ങള്‍ യഥാസമയം നീക്കണം. കൂടിന്‍റെ താഴെയും പരിസരവും വൃത്തിയായി സൂക്ഷിക്കണം. 3.8 ലിറ്റര്‍ വെള്ളത്തില്‍ 120 മില്ലിലിറ്റര്‍ ലൈസോള്‍ പോലുള്ള ലോഷന്‍ ഒഴിച്ച ലായനിയില്‍ കഴുകണം. കൂടിനകത്തെ പാത്രങ്ങള്‍ ദിവസവും കഴുകണം. കൂടിന് പുറത്ത് കുളിക്കുവാനായി പാത്രത്തില്‍ വെള്ളം പാടില്ല. ഇത് വൈകുന്നേരം 4 മണിക്ക് എടുത്ത് മാറ്റണം. രാത്രിയില്‍ കൂട്ടില്‍ നനവ് ഇല്ലാതെ ആയിരിക്കണം ഇവ ഉറങ്ങേണ്ടത്. 10-12 മണിക്കൂര്‍ ഉറക്കം ഇവയ്ക്ക് ആവശ്യ മാണ്. കൂടിനുള്ളില്‍ മുകളിലായി ഒരു മൂലയില്‍ മുട്ട ഇടുന്നതിനായി നെസ്റ്റ് ബോക്‌സ് ഒരുക്കണം. ഇതിന് 6 ഇഞ്ച് നീളം, 6 ഇഞ്ച് വീതി, 8 ഇഞ്ച് ഉയരവും ഉണ്ടായിരിക്കണം.

ഭക്ഷണം
ചെറിയ ധാന്യങ്ങള്‍ തീറ്റയായി നല്‍കാം. ഒരു ടീസ്പൂണ്‍ തേന്‍ ഒരു കപ്പ് ചൂട് പാലില്‍ ഒഴിച്ച് അതില്‍ മുട്ടയുടെ മഞ്ഞ നന്നായി അടിച്ച്‌ ഒഴിക്കണം. ഇതില്‍ ഒരു നുള്ള്‌ ഉപ്പ് ചേര്‍ത്ത് ചെറുതായി ചൂടാറുന്നതുവരെ മാറ്റിവെക്കണം. ഈ മിശ്രിതവും ഇവയ്ക്ക് തീറ്റയായി കൊടുക്കാം. ഇത് അധികസമയം സൂക്ഷിച്ച് വെക്കരുത്. ലൗ ബേര്‍ഡ്‌സിനെ ഒറ്റയ്ക്ക് വളര്‍ത്തുകയാണെങ്കില്‍ ഇവ വീട്ടുകാരോട് കൂടുതല്‍ സ്‌നേഹം കാണിക്കും. ദിവസം പല സമയത്തും ഉള്ളം കൈയില്‍ എടുത്ത് താലോലിക്കുകയാണെങ്കില്‍ പെട്ടെന്ന് അടുപ്പം കാണിക്കും. ഇരട്ടകളെ വളര്‍ത്തുകയാണെങ്കില്‍ ഇവ തമ്മില്‍ ആയിരിക്കും കൂടുതല്‍ സ്‌നേഹബന്ധം.

പ്രജനനം
ഒരു വയസാകുമ്പോള്‍ പ്രായപൂര്‍ത്തിയാകുന്നു. കൊല്ലത്തില്‍ മൂന്ന് തവണകളായി മുട്ടയിടുന്നു. ഒറ്റതവണ 4-8 മുട്ടകള്‍ വരെ ഇവ ഇടുന്നു. ഒന്നോ രണ്ടോ ദിവസം ഇടവിട്ടാണ് മുട്ടയിടുന്നത്. രണ്ടോ മൂന്നോ മുട്ടയിട്ടുകഴിഞ്ഞാല്‍ ഇവ അടയിരിക്കാന്‍ തുടങ്ങും. മുട്ടവിരിയാന്‍ 21-23 ദിവസം വേണം. കുട്ടികള്‍ 30-35 ദിവസത്തിനുള്ളില്‍ പറക്കാന്‍ തുടങ്ങും. കുട്ടികളെ 45-55 ദിവസമാകുമ്പോള്‍ തള്ളക്കിളിയില്‍ നിന്ന് വേര്‍പെടുത്തണം.

Comments are closed, but trackbacks and pingbacks are open.