മൂന്നാം ടെസ്റ്റ്: ഇന്ത്യ 1-0 ത്തിന് മുമ്പില്‍ ജയത്തിനായി ലങ്ക പൊരുതുന്നു
ന്യൂഡല്‍ഹി: ഫിറോസ് ഷാ കോട്ലയില് നടക്കുന്ന അവസാന ടെസ്റ്റിലെ മൂന്നാം ദിനം കളിയാരംഭിച്ചപ്പോള്‍ ലങ്ക പൊരുതുന്നു. ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്കോര്‍ പിന്തുടരുന്ന ലങ്ക ഉച്ച ഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 192 എന്ന നിലയിലാണ്. ഫോളോ ഒാണ് ഒഴിവാക്കാന്‍ ലങ്കക്ക് ഇനി 344 റണ്‍സ് കൂടിയെടുക്കണം.
രണ്ടാം ദിനം തുടക്കത്തില്‍ തന്നെ ലങ്കയുടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും എയ്ഞ്ചലോ മാത്യൂസും ദിനേഷ് ചണ്ഡിമലും നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് സ്കോര്‍ 100 കടത്തിയത്. മൂന്നാം ദിനം 131 ന് മൂന്ന് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ലങ്ക പതുക്കെ സ്കോര്‍ ഉയര്‍ത്തുകയാണ്. സെഞ്ച്വറിയിലേക്ക് കുതിക്കുന്ന എയ്ഞ്ചലോ മാത്യൂസും (90) അര്‍ധ സെഞ്ച്വറിയുമായി ചണ്ഡിമലുമാണ്(52) ക്രീസില്‍.
നേരത്തെ നായകന് വിരാട് കോഹ്ലിയുടെ ഇരട്ട സെഞ്ച്വറിയുടെയും (243) രോഹിത് ശര്‍മയുടെ സെഞ്ച്വറിയുടെയും (155) മികവിലാണ് ഇന്ത്യ മികച്ച സ്കോര്‍ ഉയര്‍ത്തിയത്. 536 ന് 7 എന്ന നിലയിലായിരുന്ന ഇന്ത്യന്‍ ടീം, മൂടല്‍ മഞ്ഞും അന്തരീക്ഷ മലിനീകരണവും കാരണം ലങ്കന്‍ താരങ്ങള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 1-0 ത്തിന് മുമ്പിലാണ്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമിയും ഇശാന്ത് ശര്‍മയും ജഡേജയും ഒാരോ വിക്കറ്റ് വീതമെടുത്തു.