EBM News Malayalam

മുൻ മന്ത്രി എ.കെ ശശീന്ദ്രനെതിരെ മാധ്യമ പ്രവർത്തക സമര്‍പിച്ച ഹര്‍ജി ഡിസംബര്‍ 12ലേക്ക് മാറ്റി

തിരുവനന്തപുരം: മുൻ മന്ത്രി എ.കെ ശശീന്ദ്രനെതിരായ പരാതിയും തുടർ നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ പരാതിക്കാരിയായ മാധ്യമ പ്രവർത്തക സമര്‍പിച്ച ഹര്‍ജി ഡിസംബര്‍ 12ലേക്ക് മാറ്റി. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ അന്വേഷണ മാനദണ്ഡം കോടതിയില്‍ സമര്‍പ്പിക്കാന്‍ ഉത്തരവിട്ടു.
തിരുവനന്തപുരം സിജെഎം കോടതിയില്‍ ശശീന്ദ്രനെതിരെ നല്‍കിയ പരാതിയും തുടർ നടപടികളും റദ്ദാക്കണമെന്ന് മാധ്യമപ്രവര്‍ത്തക പിന്നീട് കോടതിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി ഇത് അംഗീകരിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തക ഹൈക്കോടതിയെ സമീപിച്ചത്. വ്യക്തിപരമായി മാത്രം ബാധിക്കുന്ന വിഷയങ്ങളാണ്​ പരാതിക്കിടയാക്കിയത്​. ഇക്കാര്യത്തിൽ പൊതുതാൽപര്യം നിലനിൽക്കുന്നില്ല. പ്രശ്നം ഒത്തുതീർന്നതിനാൽ കേസ് തുടരുന്നത്​ കോടതി നടപടികളുടെ ദുരുപയോഗമാകുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
354 എ, 354 ഡി വകുപ്പുകള്‍ പ്രകാരമായിരുന്നു മജിസ്ട്രേറ്റ് കോടതി ശശീന്ദ്രനെതിരെ കേസ് എടുത്തത്. മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്താന്‍ ശ്രമിക്കുന്ന എ കെ ശശീന്ദ്രന് ഏറെ നിര്‍ണായകമാണ് ഹൈക്കോടതിയുടെ മുന്നിലുള്ള ഹര്‍ജി. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം സംബന്ധിച്ച കേസുകള്‍ റദ്ദാക്കാനാവില്ലെന്നാണ് സുപ്രീംകോടതിയുടെ 2015 വിധി. കേസുകളില്‍ നിന്ന് പരാതിക്കാരി പിന്‍മാറിയാലും ഇത് സമൂഹത്തിനെതിരായ കുറ്റകൃത്യമായി പരിഗണിക്കണമെന്നാണ് വിധിയുടെ ഉള്ളടക്കം.
ശശീന്ദ്രനെതിരായ സ്വകാര്യ അന്യായം സുപ്രീംകോടതിയുടെ പരിഗണനയില്‍ വരുമോ എന്നതാണ് പ്രധാനം. കേസ് ഒത്തുതീര്‍പ്പാക്കിയാലും വിചാരണ തുടരണമെന്ന് ഹൈക്കോടതി നിലപാടെടുത്താല്‍ മന്ത്രിസ്ഥാനത്തേക്ക് എത്താനുള്ള ശശീന്ദ്രന്‍റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകും.

Leave A Reply

Your email address will not be published.