മുപ്പതിയൊമ്പതാമത് ജിസിസി ഉച്ചകോടി റിയാദില്‍ നടക്കുമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി
മസ്കത്ത്: അടുത്ത വര്‍ഷത്തെ മുപ്പതിയൊമ്പതാമത് ഗള്‍ഫ് കോ-ഓപറേഷന് കൗണ്‍സില്‍ (ജിസിസി) ഉച്ചകോടി സൗദി തലസ്ഥാനമായ റിയാദില്‍ നടക്കുമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല. ഒമാന്‍ തലസ്ഥാനമായ മസ്ക്കത്തില്‍ ചേരാനായിരുന്നു നേരത്തേയുള്ള തീരുമാനം. ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങള്‍ അംഗങ്ങളായുള്ള ജി.സി.സി ഇതാദ്യമായാണ് ഈ രീതിയില്‍ ഉച്ചകോടി ചേരുന്നതെന്നും ഒമാന്‍ ന്യൂസി ഏജന്‍സിക്കും ഒമാന്‍ ടിവിക്കും നല്കിയ അഭിമുഖത്തില്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സൗദി അറേബ്യന്‍ വിദേശകാര്യമന്ത്രാലയവുമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
2016ല്‍ ബഹ്റൈനില്‍ നടന്ന ഉച്ചകോടിയിലാണ് ജി.സി.സി ആസ്ഥാനമായ റിയാദില്‍ ഉച്ചകോടി നടത്തുന്നതുമായി ബന്ധപ്പെട്ട പുതിയ രീതിയെക്കുറിച്ച് ചര്‍ച്ച നടന്നത്. ഉച്ചകോടിയുടെ പ്രധാന യോഗം സൗദിയുടെ അധ്യക്ഷതയില്‍ ചേരുമെങ്കിലും അതുമായി ബന്ധപ്പെട്ട് നടക്കുന്ന മന്ത്രിതല യോഗങ്ങള്‍ക്കും മറ്റും ഒമാനാണ് നേതൃത്വം നല്‍കുകയെന്നും അദ്ദേഹം അറിയിച്ചു.
കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത മുപ്പത്തിയെട്ടാമത് ഉച്ചകോടിയില്‍ ഒമാന്‍ ഭരണാധാകാരി സുല്‍ത്താന്‍ ഖാബൂസിനെ പ്രതിനിധീകരിച്ച് ഉപപ്രധാനമന്ത്രി ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സഈദ് പങ്കെടുത്തിരുന്നു. വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല, ഗതാഗത വാര്‍ത്താ വിനിമയ മന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഫുതൈസി, നിയമകാര്യ മന്ത്രി ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ സഈദി തുടങ്ങിയവരും സംബന്ധിച്ചു. ജിസിസി ഐക്യം നിലനിര്‍ത്തണമെന്നും പ്രതിസന്ധികള്‍ പരിഹരിക്കണമെന്നും ഉച്ചകോടിയില്‍ ഒമാന്‍ ആവശ്യപ്പെട്ടിരുന്നു. കുവൈത്ത് അമീറിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ഐക്യശ്രമങ്ങളുമായി സഹകരിക്കുമെന്നും ഒമാന്‍ പ്രതിനിധികള്‍ അറിയിക്കുകയുണ്ടായി. എന്നാല്‍ ഖത്തര്‍ ഉപരോധവുമായി ബന്ധപ്പെട്ട പ്രതിസന്ധിയെ തുടര്‍ന്ന് ജി.സി.സി യോഗം ചേര്‍ന്നയുടന്‍ തന്നെ പിരിയുകയായിരുന്നു.