EBM News Malayalam

മുഖ്യമന്ത്രിക്ക് വേണ്ടി ആംബുലന്‍സ് തടഞ്ഞു: പൂര്‍ണഗര്‍ഭിണിക്ക് അരക്കിലോമീറ്റര്‍ നടക്കേണ്ടി വന്ന സംഭവം വിവാദമാകുന്നു

ബെംഗളൂരൂ: കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യക്കുവേണ്ടി ആംബുലന്‍സ് തടഞ്ഞത് വിവാദമാകുന്നു. തന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനു വേണ്ടി ആംബുലന്‍സുകള്‍ തടയരുതെന്ന് ഉത്തരവിട്ട സിദ്ധാരാമയ്യക്കുവേണ്ടിത്തന്നെ വീണ്ടും ആംബുലന്‍സ് തടഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്.
വാഹനം തടഞ്ഞത് കാരണം ഗര്‍ഭിണി ആശുപത്രിയിലേക്ക് നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാദങ്ങള്‍ പുകഞ്ഞു തുടങ്ങുന്നത്. സുരക്ഷാ നടപടിയെ തുടര്‍ന്ന് അരകിലോമീറ്ററിലധികം ദൂരമുള്ള ആശുപത്രിയിലേക്ക് നടന്നു പോകാന്‍ സ്ത്രീ നിര്‍ബദ്ധിതയാവുകയായിരുന്നു. മാണ്ഡ്യയില്‍ ബി.എം. റോഡില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.
നാഗമംഗളയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ സിദ്ധരാമയ്യ എത്തുന്നതിനാല്‍ പൊലീസ് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സമീപത്തെ ഗ്രാമത്തില്‍നിന്ന് ഗര്‍ഭിണിയുമായി ആംബുലന്‍സ് എത്തിയപ്പോള്‍ റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു.
വാഹനത്തിനുള്ളില്‍ ഗര്‍ഭിണിയാണെന്നും ഉടന്‍ ആശുപത്രിയിലെത്തിക്കേണ്ടതിനാല്‍ റോഡ് തുറക്കണമെന്നും ആംബുലന്‍സ് നാട്ടുകാരും വാഹനങ്ങളിലുള്ളവരും പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പകരം സ്ത്രീയോട് നടന്ന് ആസ്പത്രിയിലെത്താനാണ് പൊലീസ് നിര്‍ദേശിച്ചത്. ഇതോടെ മറ്റുവഴിയില്ലാത്തതിനാല്‍ ബന്ധുക്കളായ രണ്ടുപേരുടെ സഹായത്തോടെ 300 മീറ്റര്‍ ദൂരം നടന്ന് ആസ്പത്രിയിലേക്ക് പോവുകയായിരുന്നു.
റോഡിന് സമീപം പൊലീസ് ജീപ്പ് ഉണ്ടായിരുന്നെങ്കിലും അതിലും സ്ത്രീയെ ആസ്പത്രിയിലെത്തിക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല എന്നതും വിവാദതീ പടര്‍ത്താന്‍ കാരണമായത്.

Leave A Reply

Your email address will not be published.