മാധ്യമ വിലക്ക്; സിപിഎമ്മിനെതിരെ വിമര്‍ശനശരവുമായി സിപിഐ
കൊച്ചി: തോമസ് ചാണ്ടി വിവാദത്തിന് പിന്നാലെ സിപിഎമ്മിനെതിരെയും സര്‍ക്കാരിനെതിരെയും ആഞ്ഞടിക്കാന്‍ കിട്ടിയ അവസരം ഉപയോഗിച്ച് സിപിഐ. ചൊവ്വാഴ്ച സെക്രട്ടറിയേറ്റില്‍ മാധ്യമ വിലക്കുണ്ടായതിനെ രൂക്ഷമായ ഭാഷയിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും, പന്ന്യന്‍ രവീന്ദ്രനും വിമര്‍ശിച്ചത്.
രാജസ്ഥാനില്‍ മാധ്യമങ്ങള്‍ക്കേര്‍പ്പെടുത്തിയ വിലക്കിന് സമാനമാണിതെന്ന് കാനം ചൂണ്ടിക്കാട്ടി. മാധ്യമവിരുദ്ധ നിയമം കൊണ്ടുവന്ന ജയ്പൂരല്ല തിരുവനന്തപുരം. മാധ്യമങ്ങളെ വിലക്കിയ നടപടി ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എംഎം മണിക്കെതിരെയും കാനം വിമര്‍ശനവുമായെത്തി.
സിപിഐ വിഴുപ്പാണെന്ന മണിയുടെ പരാമര്‍ശത്തിന് എം.എം.മണി കേരളത്തിന്റെ ചരിത്രം പഠിക്കണമെന്നാണ് കാനം പ്രതികരിച്ചത്. സിപിഐയെ ആരു വിമര്‍ശിച്ചാലും അതുപോലെ മറുപടി നല്‍കുമെന്നും അദ്ദേഹം മുന്നറിപ്പ് നല്കി. മാധ്യമങ്ങളെ സെക്രട്ടറിയേറ്റില്‍ വിലക്കിയതിനെതിരെ പന്ന്യന്‍ രവീന്ദ്രനും വിമര്‍ശിച്ചു.
വിമര്‍ശനത്തെ നേരിടേണ്ടത് വിലക്കുകൊണ്ടല്ല. മാധ്യമങ്ങള്‍ സെക്രട്ടേറിയറ്റില്‍ കയറാന്‍ പാടില്ലെന്ന തീരുമാനമുണ്ടെങ്കില്‍ അതു തെറ്റാണ്. സെക്രട്ടേറിയറ്റ് പത്രക്കാര്‍ക്കു കയറാന്‍ പറ്റാത്ത ഇടമെന്ന് പറയുമ്ബോള്‍ അതു വേറേ വല്ല ലോകവുമാണോയെന്നും പന്ന്യന്‍ ചോദിച്ചു. തോമസ് ചാണ്ടി വിഷയത്തില്‍ സിപിഎം സിപിഐ ബന്ധത്തിലെ ഉരസലുകളാണ് ഇപ്പോഴത്തെ പ്രതികരണത്തിനും കാരണമെന്നാണ് സൂചന. സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നതിലൂടെ സിപിഎമ്മിനെയാണ് സിപിഐ ലക്ഷ്യമാക്കുന്നത്.