മറയൂര്‍ ചന്ദന ലേലം അടുത്ത മാസം
മറയൂര്‍: പതിനഞ്ച് വിഭാഗങ്ങളില്നിന്നായുള്ള 80 ടണ്‍ ചന്ദനമാണ് നാല് ഘട്ടങ്ങളിലായി നടക്കുന്ന ഓണ്‍ലൈന്‍ ലേലത്തിന് തയ്യാറായിട്ടുള്ളത്.പേരുകേട്ട മറയൂര്‍ ചന്ദനലേലം അടുത്ത മാസം നടക്കും. വിവിധ വിഭാഗത്തില്‍പ്പെട്ട 80 ടണ്‍ ചന്ദനമാണ് ഓണ്‍ലൈന്‍ ലേലത്തിനായി ഇത്തവണ ഉള്ളത്. പതിനഞ്ച് വിഭാഗങ്ങളില്നിന്നായുള്ള 80 ടണ്‍ ചന്ദനമാണ് നാല് ഘട്ടങ്ങളിലായി നടക്കുന്ന ഓണ്‍ലൈന്‍ ലേലത്തിന് തയ്യാറായിട്ടുള്ളത്. മുന്തിയ ഇനവും അപൂര്‍വ്വം ലഭിക്കുന്നതുമായ വിലായത്ത് ബുദ്ധ് വിഭാഗത്തിലുള്ള 270 കിലോ ചന്ദനവും രണ്ടാം തരമായ ചൈന ബുദ്ധ് വിഭാഗത്തില്‍പ്പെട്ട 170 കിലോ ചന്ദനവുമാകും ലേലത്തെ ആകര്‍ഷകമാക്കുക.ക്ഷേത്രങ്ങളില്‍ കൂടുതലായും ഉപയോഗിക്കുന്ന ബഗ്രദാദ് ചന്ദനം 19 ടണ്ണാണ് ലേലത്തിലുള്ളത്. കഴിഞ്ഞ ജൂലൈ മാസം നടന്ന ലേലത്തില്‍ ഏറ്റവും കൂടുതല്‍ വില ലഭിച്ചത് ചൈന ബുദ്ധിനായിരുന്നു. ഒരു കിലോയ്ക്ക് നികുതിയടക്കം 20,591 രൂപയാണ് ലഭിച്ചത്. കഴിഞ്ഞ തവണ 69.29 ടണ്‍ ചന്ദനമാണ് ഓണ്‍ലൈന്‍ ലേലത്തില്‍ വച്ചത്. എന്നാല്‍ 22.45 ടണ്‍ മാത്രം വിറ്റുപോയത്. ഇതുവഴി സര്‍ക്കാരിന് 11.65 കോടി രൂപയാണ് ലഭിച്ചത്. കൊല്‍ക്കത്ത ആസ്ഥാനമായുള്ള MSTC എന്ന കമ്പനിയാണ് ഓണ്‍ലൈന്‍ ലേലനടപടികളുടെ ചുമതല. ഇന്ത്യയില്‍ എവിടെനിന്നും ലേലത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യാം. ജനുവരി 17,18 തീയതികളിലാണ് ലേലം.