EBM News Malayalam

മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കണം

ആരോഗ്യപരിരക്ഷ എല്ലാ ഇന്ത്യന്‍ പൗരന്മാരുടെയും മൗലികാലികാവകാശമാണ്. മരുന്നുകളുടെ ഗുണനിലവാരം സമയബന്ധിതമായി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് അതാത് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡ്രഗ്‌സ് കണ്‍ട്രോളര്‍ അതോറിറ്റിയാണ് (Drug Control Authority). മരുന്നുകളുടെ പരീക്ഷണങ്ങള്‍ നടത്താനും അംഗീകാരം നല്‍കാനുമുള്ള അധികാരം ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്കാണ് (Drug Controller General of India DCGI) മരുന്നുകളുടെ ഗുണപരിശോധകള്‍ സുതാര്യമായി നടത്താന്‍ സൗകര്യമുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഇന്ത്യയിലെങ്ങും നടപ്പിലാക്കിയിട്ടില്ലെന്നാണ് ബന്ധപ്പെട്ട ഏജന്‍സികള്‍ വെളിപ്പെടുത്തുന്നത്. വിവിധ സംസ്ഥാനങ്ങളിലായി ചെറുതും വലുതുമായ പതിനായിരത്തിലധികം മരുന്നുല്‍പ്പാദന കമ്പനികള്‍ ഇന്ത്യയിലുണ്ടെന്നാണ് ബന്ധപ്പെട്ട ഏജന്‍സികള്‍ പറയുന്നത്.

ലോകാരോഗ്യ സംഘടനയുടെ (World Health Organisation -WHO) റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യന്‍ വിപണിയില്‍ നിലവിലുള്ള മരുന്നുകളില്‍ മുപ്പത്തി അഞ്ചു ശതമാനവും ഗുണനിലവാരമില്ലാത്തതാണെന്നാണ്. ഇവയില്‍ ചില മരുന്നുകള്‍ വ്യാജമാണെന്നും WHO റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു. ഇത് രോഗം ഭേദമാകാതിരിക്കുകയോ രോഗം വഷളാകുകയോ ചെയ്യുകയാണ് പതിവ്. അന്റിബയോട്ടിക് മരുന്നുകള്‍ ഗുണനിലവാരമില്ലെങ്കില്‍, മരുന്നിലെ രോഗാണുക്കള്‍ അതിജീവിക്കാനിടയുണ്ടെന്നും ആയതിനാല്‍ രോഗം ചികിത്സിച്ചു ഭേദമാക്കാന്‍ കയഴിയാത്ത അവസ്ഥയില്‍കൊണ്ടെത്തിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മരുന്നു കമ്പനികളുടെ സമ്മാനങ്ങളും മറ്റും കൈപ്പറ്റുന്ന ഡോക്ടര്‍മാര്‍ അത്തരം കമ്പനികളുടെ ബ്രാന്റ് മരുന്നുകള്‍ മാത്രം കുറിക്കുന്ന ഏര്‍പ്പാടും നിലവിലുണ്ട്. ഇത് രോഗികളെ കൊള്ളയടിക്കുന്നതിന് മരുന്നു കമ്പനികള്‍ക്ക് സഹായകരമായി മാറുന്നു. ഉല്‍പ്പാദന ചെലവിന്‍റെ ഇരട്ടിയിലധികം വിലയാണ് മെഡിക്കല്‍ സ്‌റ്റോറുകളില്‍ ഈടാക്കുന്നത്. ചില ഡോക്ടര്‍മാര്‍ മരുന്നിന്‍റെ ‘ജെനറ്റിക്’ പേര് എഴുതാതെ കമ്പനിയുടെ ബ്രാന്റ് പേര് മാത്രം കുറിപ്പടിയില്‍ എഴുതുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്. കമ്പനികളില്‍ നിന്ന് പ്രതിഫലം പറ്റികൊണ്ട് അവരുടെ ബ്രാന്റ് പ്രമോട്ടുചെയ്യാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ജെനറ്റിക് പേരുകളില്‍ മരുന്നു കുറിക്കുമ്പോള്‍, കമ്പനികളുടെ മത്സരം ഒഴിവാക്കാനും ഗുണനിലവാരം നിലനിര്‍ത്താനും സഹായമാക്കും. ഒരേ ഘടകങ്ങള്‍ അടങ്ങിയ മരുന്നുകള്‍ വ്യത്യസ്ത വിലകളിലാണ് കമ്പനികള്‍ ഈടാക്കുന്നത്.

വില്‍പ്പന വിലയുടെ (MRP)പകുതിയ്ക്ക് താഴെ മാത്രമേ ഉല്‍പ്പാദനചെലവ് വരികയുള്ളൂവെന്ന് വിദഗ്തര്‍ പറയുമ്പോഴും ഉല്‍പ്പാദനചെലവിന്‍റെ രണ്ടു മുതല്‍ പത്തിരട്ടിവരെയാണ് മരുന്നുകള്‍ക്ക് വില ഈടാക്കുന്നത്. ഇത് നിയന്ത്രിക്കാന്‍ കാര്യമായ ഇടപെടലുകളൊന്നും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായി കാണുന്നില്ല. ഐ.എം.എ (ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍) പോലുള്ള മെഡിക്കല്‍ സംഘടനകളും ഈ മേഖലയില്‍ കാര്യമായി ഇടപെടുന്നില്ല.

രോഗികള്‍ക്ക് ഗുണനിലവാരമുള്ള മരുന്നുകള്‍ ഉറപ്പാക്കുന്നതോടൊപ്പം തന്നെ അമിത വില ഈടാക്കുന്നത് നിയന്ത്രിക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ബന്ധപ്പെട്ട ഏജന്‍സികളും അടിയന്തിരമായി ഇടപെടേണ്ടതാണ്.

കിളിമാനൂര്‍ നടരാജന്‍
എഡിറ്റര്‍

Comments are closed, but trackbacks and pingbacks are open.