ബാംഗ്ലൂര്‍ എഫ് സി യുടെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ സച്ചിന് – ദ്രാവിഡ് – ഗാംഗുലി ത്രയം
ഇന്ത്യന്‍ ക്രിക്കറ്റിലെ നവോത്ഥാന കാലഘട്ടം എന്ന് വേണം സച്ചിന്-ദ്രാവിഡ്-ഗാംഗുലി യുഗത്തെ വിശേഷിപ്പിക്കാന്‍. രാജ്യം മുഴുവനും ക്രിക്കറ്റ് ഒരു വികാരമായി വളര്‍ത്തിയെടുത്ത് ഇന്ത്യന്‍ ക്രിക്കറ്റിന് അസാധാരണമായ ഒരു മികവിനെ സമ്മാനിച്ച ഈ ത്രയം ഇന്ത്യന്‍ ഫുട്ബോളിന്റെ വസന്തകാല പിറവിക്കായും കൈ കോര്‍ക്കുന്നു. ഇന്ത്യയില്‍ ഇപ്പോഴും ഏറെ ആരാധകരുള്ള സച്ചിനും ഗാംഗുലിയും അടിത്തറ മുതല്‍ ഒപ്പമുള്ള ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലേക്ക് നാലാം സീസണില്‍ ബംഗലുരു എഫ്സിയുമായി കടന്നു വരുന്നത് സാക്ഷാല്‍ രാഹുല്‍ ദ്രാവിഡാണ്.
ഐഎസ്എല്‍ നാലാം സീസണില്‍ അരങ്ങേറുന്ന ബാംഗ്ളൂര്‍ എഫ്സി യുടെ ബ്രാന്‍ഡ് അംബാസഡറാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ വന്മതില്. ഇന്ത്യയിലെ പുതിയ ഫുട്ബോള്‍ സംസ്ക്കാരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം എത്തിയ സച്ചിന് നേരെ നിര്‍ത്താന്‍ കൊല്‍ക്കത്ത ഗാംഗുലിയെ ഇറക്കിയപ്പോള്‍ ബംഗലുരു ആയുധമാക്കിയിരിക്കുന്നത് രാഹുല്‍ ദ്രാവിഡിനെയാണ്. തന്റെ പുതിയ നിയോഗത്തെ മഹത്തരം എന്നാണ് ദ്രാവിഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഒരിക്കല്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ ത്രസിപ്പിച്ച സച്ചിന്-ഗാംഗുലി-ദ്രാവിഡ് യുഗം ഫുട്ബോളിലും പിറവി എടുക്കുകയാണ്.
കേരളമെന്ന അഭിമാനപൂരിതമായ ആ ബ്രാന്റ് നെയിം, പിന്നെ ബ്രിട്ടീഷുകാരുടെ ശേഷിപ്പാണെങ്കിലും പാരമ്ബര്യമായി കാരണവന്മാര് സമ്ബാദിച്ചു നല്കിയ ആവേശം ആവശ്യത്തിലധികമുള്ള ഫുട്ബോള്‍ കമ്ബവും. ഐഎസ്എല്ലിലെ മഞ്ഞപ്പടയെ നെഞ്ചിലേറ്റാന്‍ മലയാളികള്‍ക്ക് ഇതൊക്കെ ധാരാളം. പക്ഷേ അമരത്ത് ഇന്ത്യാക്കാര്‍ ഏറെ സ്നേഹിക്കുന്ന സച്ചിന് തെന്‍ഡുല്‍ക്കര്‍ എന്ന പേരാണ് ശരിക്കും കേരള ബ്ളാസ്റ്റേഴ്സ് ആരാധകര്‍ക്കും ഫുട്ബോളിനെയും ക്രിക്കറ്റിനെയും ഒരുപോലെ സ്നേഹിച്ചിരുന്നു സ്പോര്‍ട്സ് പ്രേമികളെയും അധികമായി പിരികേറ്റുന്ന കാര്യം.
കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണെങ്കിലും കെ ബി ഫാന്‍സിനേക്കാള്‍ മുമ്ബ് പിറവിയെടുത്ത ബംഗലുരു എഫ് സി ആരാധകരും ഏതാണ് ഇതേ പാതയിലാണ്. ഐഎസ്എല്ലില്‍ എത്താന്‍ അല്‍പ്പം താമസിച്ചു പോയെങ്കിലും തങ്ങളുടെ ടീമിനെ അരങ്ങേറ്റ ലീഗില്‍ തന്നെ ചാമ്ബ്യന്മാരാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ബംഗലുരു എഫ് സിയ്ക്ക് അകമഴിഞ്ഞ പ്രോത്സാഹനമാകാന്‍ കാത്തിരിക്കുന്ന അവര്‍ക്കും ആവേശത്തോടെ പറയാന്‍ ക്രിക്കറ്റില്‍ നിന്നും ഒരു പേരുണ്ട്. സച്ചിനെ പോലെ തന്നെ മറ്റൊരു ഇതിഹാസ താരം രാഹുല്‍ ദ്രാവിഡ്. കെബി ഫാന്‍സിന്റെ സച്ചിന് തെന്‍ഡുല്‍ക്കര്‍ ഭാഷ കൊണ്ട് മാത്രം അന്യനാട്ടുകാരനാണെങ്കില് കൊല്‍ക്കത്തയ്ക്ക് ഗാംഗുലി എന്ന പോലെ ബാംഗ്ലൂരിന് ദ്രാവിഡ് തറവാട്ടിലെ പയ്യനാണ്.
സച്ചിന് ബ്ളാസ്റ്റേഴ്സുമായി അരങ്ങേറിയപ്പോള്‍ മറുവശത്ത് അത്ലറ്റിക്കോ ഡി കൊല്ക്കത്തയുമായിട്ടായിരുന്നു ഗാംഗുലിയുടെ വരവ്. സ്പെയിനിലെ അത്ലറ്റിക്കോ മാഡ്രിഡ് ക്ളബ്ബിന്റെ സഹകരണത്തോടെ ആദ്യ സീസണിലും മൂന്നാം സീസണിലും കലാശപ്പോരാട്ടത്തില്‍ സച്ചിന്റെ ബ്ളാസ്റ്റേഴ്സിനെ മറിച്ചതിലൂടെ ബംഗാള്‍ ഫുട്ബോള്‍ ആരാധകരുടെ ആവേശം ഇരട്ടിയാക്കിയിരിക്കുകയാണ് ഗാംഗുലി. ഗോവന്‍ ഫുട്ബോള്‍ ടീമിനെ കളത്തിലിറക്കി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയും ഇന്ത്യന്‍ ഫുട്ബോളിന് സംഭാവന ചെയ്തു കഴിഞ്ഞു.