EBM News Malayalam

പരിശോധനയില്‍ ക്രമക്കേട്; ആര്‍പ്പൂക്കര റാണി റൈസ് മില്ല് പൂട്ടിച്ചു

കോട്ടയം: മിന്നല്‍ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ആര്‍പ്പൂക്കര റാണി റൈസ് മില്ല് അടച്ചുപൂട്ടിച്ചു. ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ നേരിട്ട് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.ഇന്നലെ ഉച്ചയോടെയാണ് മന്ത്രിയുടെ നേതൃത്വത്തില്‍ മില്ലില്‍ മിന്നല്‍ പരിശോധന നടത്തിയത്.തുടരന്വേഷണത്തിനായി ജില്ലാ സപ്ലൈ ഓഫീസറുടെയും എ.ഡി.എമ്മിന്‍റെയും നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചു. കര്‍ഷകരില്‍നിന്നു സംഭരിച്ച നെല്ലിനു പകരം ഗുണനിലവാരം കുറഞ്ഞ അരി നിറവും മായവും ചേര്‍ത്തു നല്‍കുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് ഭക്ഷ്യമന്ത്രി മിന്നല്‍ പരിശോധന നടത്തിയത്.കര്‍ഷകരില്‍ നിന്നു സര്‍ക്കാര്‍ സംഭരിച്ച്‌ നല്‍കുന്ന നെല്ല് അരിയാക്കി പൊതുവിതരണശൃംഖലയില്‍ എത്തിക്കുന്നതിന് റാണി റൈസ് മില്ലിനെ ചുമതലപ്പെടുത്തിയിരുന്നു.

ഇവിടെ നിന്നുള്ള അരി ഗുണനിലവാരമില്ലാത്തതാണെന്ന് നേരത്തേ പരാതിയുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണു ഭക്ഷ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പരിശോധനയ്ക്കെത്തിയത്. പരിശോധനയില്‍ മില്ലിനുള്ളിലെ ഗോഡൗണില്‍നിന്നും മായം ചേര്‍ക്കാനായി ശേഖരിച്ചിരുന്ന ഗുണനിലവാരമില്ലാത്ത അരി കണ്ടെത്തി. ഉപയോഗ ശൂന്യമായ ചാക്കുകണക്കിന് അരി ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്നതായും മന്ത്രി കണ്ടെത്തി. ഈ അരി പിന്നീട് പോളിഷ് ചെയ്ത് റേഷന്‍ അരി എന്ന പേരില്‍ വിറ്റഴിക്കാനായിരുന്നു നീക്കം. തമിഴ്നാട്ടില്‍ സൗജന്യമായി ലഭിക്കുന്ന അരിയില്‍ ഏറ്റവും ഗുണനിലവാരം കുറഞ്ഞത് ലോഡുകണക്കിന് മില്ലില്‍ സൂക്ഷിക്കുകയായിരുന്നു. ഇത് പോളിഷ് ചെയ്ത് കളര്‍ചേര്‍ത്ത് കുത്തരിയെന്ന പേരിലാണം വിതരണം ചെയ്തിരുന്നത്.

Comments are closed, but trackbacks and pingbacks are open.