പത്മാവതി വിവാദം : കരിദിന ആചരണത്തില്‍ നിന്നും മലയാള സിനിമാ പ്രവര്‍ത്തകര്‍ വിട്ടുനിന്നു
കൊച്ചി: ബോളിവുഡ് ചിത്രം പദ്മാവതിക്കെതിരായ വിവാദങ്ങളോടു പ്രതിഷേധിച്ചും സംവിധായകന് സഞ്ജയ് ലീലാ ബന്‍സാലിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഷൂട്ടിങ് 15 മിനിട്ട് നിര്‍ത്തിവച്ച് കരിദിനം ആചരിക്കാനുള്ള ആഹ്വാനത്തില്‍നിന്നു മലയാള സിനിമാ പ്രവര്‍ത്തകര്‍ വിട്ടുനിന്നു.
ഇന്ത്യന്‍ സിനിമ പദ്മാവതിക്കൊപ്പം നില്‍ക്കുമ്ബോള്‍ മലയാള സിനിമാ പ്രവര്‍ത്തകര്‍ മനഃപൂര്‍വമായ മൗനത്തിലാണോ എന്ന വിഷയം വരും ദിവസങ്ങളില്‍ ചര്‍ച്ചയാകുമെന്നാണു സൂചന. മമ്മൂട്ടി അഭിനയിക്കുന്ന പരോള്‍, നിവിന്‍ പോളി ചിത്രം, വിനയന്റെ ചാലക്കുടിക്കാരന്‍ ചങ്ങാതി, കുഞ്ചാക്കോ ബോബന് ചിത്രം തുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിങ് സെറ്റുകളിലൊന്നും പ്രതിഷേധമുണ്ടായില്ല. തമിഴ്നാട്ടിലെ നിര്‍മാതാക്കളുടെ സംഘടന പദ്മാവതി വിഷയം ഇന്ന് പ്രത്യേകയോഗത്തില്‍ ചര്‍ച്ച ചെയ്യും. ഈ വിവാദം അറിഞ്ഞിട്ടില്ല എന്ന തരത്തിലാണു മലയാള സിനിമാ സംഘടനകള്‍. ഇന്ത്യന്‍ ഫിലിം ഡയറ്ക്ടേഴ്സ് അസോസിയേഷന് ഉള്‍പ്പടെയുള്ള 20 സംഘടനകള്‍ ചേര്‍ന്നാണു പ്രതിഷേധം സംഘടിപ്പിച്ചത്.
ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു പ്രതിഷേധം. തന്റേതായ രീതിയില്‍ കഥ പറയുക എന്നത് സംവിധായകന്റെ അവകാശമാണന്നു വാദിച്ചാണു പ്രതിഷേധം. ഷൂട്ടിങ് 15 മിനിട്ട് നിര്‍ത്തിവയ്ക്കുന്നതു സംബന്ധിച്ചു മലയാള സിനിമാ സംഘടനകള്‍ നിര്‍ദേശങ്ങള്‍ നല്‍കിയില്ല.
എല്ലാ സെറ്റുകളിലും പ്രതിഷേധം സംഘടിപ്പിക്കണമെന്നു മാക്ട മാത്രമാണ് ആവശ്യപ്പെട്ടത്. അതാരും ഏറ്റെടുത്തില്ല. പ്രതിഷേധത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു അമ്മയുള്‍പ്പടെയുള്ള മറ്റു സംഘടനകളുടെ പ്രതികരണം. പദ്മാവതിക്ക് അനുകൂല നിലപാടാണു തങ്ങള്‍ക്കുള്ളതെന്നു വിനയന് ഉള്‍പ്പടെയുള്ള സംവിധായകര്‍ വ്യക്തമാക്കിയെങ്കിലും പരസ്യ പ്രതിഷേധത്തിന് അവര്‍ തയാറായില്ല.