പത്മാവതിക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രംഗത്ത്
സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവതി എന്ന ചിത്രത്തിന്റെ റിലീസ് നീട്ടണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേന്ദ്രസര് ക്കാറിനോട് ആവശ്യപ്പെട്ടു. ചിത്രത്തിനെതിരെ പ്രതിഷേധം വ്യാപകമാണെന്നും റിലീസ് ചെയ്താല്‍ ക്രമസമാധാന പ്രശ്നങ്ങള്ക്കിടയാ ക്കുമെന്നും കാണിച്ചാണ് ഉത്തര്‍പ്രദേശ് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന് കത്തയച്ചത്. ചിത്രം സര്‍ട്ടിഫൈ ചെയ്യുന്നതിന് മുന്‍പ് അതില്‍ ചരിത്ര വസ്തുതകള്‍ വളച്ചൊടിച്ചിട്ടുണ്ടോ എന്ന കാര്യവും പരിഗണിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അയച്ച കത്തിലുണ്ട്.
ചിത്രത്തിനെതിരെ രാജ്യത്തെങ്ങും കടുത്ത പ്രതിഷേധമാണ് നടക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. പലയിടത്തും തിയേറ്ററുകള്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് തിയേറ്റര്‍ ഉടമകള്‍ക്കും മള്‍ട്ടിപ്ലക്സ് ഉടമകള്‍ക്കും ഭീഷണിക്കത്തുകള്‍ ലഭിക്കുന്നുണ്ട്, തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടക്കാനുള്ളതിനാല്‍ സിനിമക്ക് സുരക്ഷ യൊരുക്കാനാവില്ലെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അടുത്ത മാസം ഒന്നിനാണ് ചിത്രം റിലീസ് ചെയ്യാനിരിക്കുന്നത്. രജ്പുത് വിഭാഗമാണ് ചിത്രത്തിനെതിരെ രംഗത്തുളളത്. തങ്ങളുടെ വികാരങ്ങളെ വൃണപ്പെടുത്തിയുളളതാണ് ചിത്രമെന്നും ചരിത്രവസ്തുതകളെ വളച്ചൊടിച്ചാണ് ചിത്രം നിര്‍മ്മിച്ചതെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
വിമര്‍ശങ്ങള്‍ക്ക് ശക്തമായ ഭാഷയില്‍ പ്രതികരിച്ച് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ദീപികാ പദുകോണ്‍ രംഗത്ത് എത്തിയിരുന്നു. ശാഹിദ് കപൂര്‍, രണ്‍വീര്‍ സിങ്, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.