നെറ്റ് ന്യൂട്രാലിറ്റി: നിര്‍ണ്ണായക ശുപാര്‍ശകള്‍ പുറത്തിറക്കി ട്രായ്
ഇന്റര്‍നെറ്റ് സമത്വമെന്ന ആശയം പ്രതിനിധാനം ചെയ്യുന്ന നെറ്റ് ന്യൂട്രാലിറ്റിയെ പൂര്‍ണ്ണമായും പിന്തുണച്ച് ട്രായ് നിര്‍ണ്ണായക ശിപാര്‍ശകള്‍ പുറത്തിറക്കി . ഇന്റർനെറ്റിന്റെ ഉള്ളടക്കത്തിൽ ടെലികോം സേവനദാതാക്കൾ വിവേചനമോ നിയന്ത്രണമോ കാണിക്കാൻ പാടില്ലെന്ന് ട്രായ് വ്യക്തമാക്കി. നിര്‍ദ്ദേശങ്ങള്‍ ഉടന്‍ ടെലികോം മന്ത്രാലയത്തിന് കൈമാറും.
ഫേസ്ബുക്ക്, വാട്ട്സ് ആപ്പ്, സ്കൈപ്പ് തുടങ്ങിയ സേവനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഡേറ്റാ പ്ലാനിനു പുറമേ അധിക പണം ഈടാക്കാനുള്ള ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ നീക്കത്തെ തൂടര്‍ന്നാണ് നെറ്റ് ന്യൂട്രാലിറ്റി ചര്‍ച്ചകള്‍ സജീവമായത്. ഇക്കാര്യത്തില്‍ പൊതു ജനഭിപ്രായം തേടിയ ട്രായി ജനുവരിയിൽ നടത്തിയ വിശദ പഠനത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോൾ മാർഗ്ഗ നിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. ഇനി ഇന്റർനെറ്റിന്റെ ഉള്ളടക്കത്തിൽ ടെലികോം സേവനദാതാക്കൾ വിവേചനമോ നിയന്ത്രണമോ കാണിക്കാൻ പാടില്ല. ചില വെബ്സൈറ്റുകൾ ലഭ്യമാക്കുന്നത് തടയുക, ചില പ്രത്യേക ഡിവൈസുകൾക്കു മാത്രം വിവരങ്ങള്‍ നൽകുക തുടങ്ങിയ കാര്യങ്ങള്‍ ട്രായ് തടഞ്ഞിട്ടുണ്ട്. പണത്തിനനുസരിച്ചു ചില കണ്ടന്റുകൾ മാത്രം ലഭ്യമാക്കുന്നതിനും ഇന്റര്‍ നെറ്റ് വേഗത കുറയ്ക്കുന്നതിനും കൂട്ടുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റർനെറ്റ് ഉള്ളടക്കത്തിൽ ആപ്ലിക്കേഷനുകളും ഉള്‍പ്പെടും ഇന്റർനെറ്റ് സേവനം നൽകുന്നവർ അതിലെ ഉള്ളടക്കത്തിന് ആനുപാതികമായി വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്നതു തടഞ്ഞു കൊണ്ടുള്ള വിജ്ഞാപനം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ട്രായ് പുറത്തിറക്കിയിരുന്നു.