നിലവിളച്ചു തീരം; മരണം ഏഴായി, 218 പേരെ രക്ഷിച്ചു
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെത്തുടർന്നുള്ള പ്രകൃതിദുരന്തത്തിൽ സംസ്ഥാനത്ത് ഇന്നലെ മൂന്നുപേർകൂടി മരിച്ചു. ഇതോടെ രണ്ടു ദിവസങ്ങളിലായി മരിച്ചവരുടെ എണ്ണം ഏഴായി. തിരുവനന്തപുരം ജില്ലയിൽ അഞ്ചും കൊല്ലം, കാസർഗോഡ് ജില്ലകളിൽ ഓരോരുത്തരുമാണു കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മരിച്ചത്.
രൗദ്രഭാവത്തോടെ ലക്ഷദ്വീപിൽ
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് കേരളതീരത്തുനിന്നു ലക്ഷദ്വീപ് തീരത്തേക്കു നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോർട്ട്. ഏറ്റവും ഒടുവിൽ പുറത്തിറക്കിയ റിപ്പോർട്ടനുസരിച്ച് ഓഖി ചുഴലിക്കാറ്റ് കേരളതീരത്തിനു 300 കിലോമീറ്റർ അകലെനിന്നു ലക്ഷദ്വീപ് തീരത്തെ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്.
അമിനി ദ്വീപിനു തെക്കുകിഴക്കായി 290 കിലോമീറ്റർ അകലത്തിൽ വീശുന്ന ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കുപടിഞ്ഞാറു ദിശയിലേക്കു മാറി ലക്ഷദ്വീപ് തീരത്ത് എത്തിച്ചേരുമെന്നാണു കരുതപ്പെടുന്നത്.
ലക്ഷദ്വീപ് തീരത്തുനിന്നു 48 മണിക്കൂറിനുള്ളിൽ ഓഖി കർണാടക, ഗുജറാത്ത് തീരത്തേക്കു വീശുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.