EBM News Malayalam

നിയുക്ത അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ് ചൈനയുടെ താക്കീത്

ബീജിങ് : നിയുക്ത അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ് വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ചൈനയുടെ താക്കീത്. ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ നീക്കങ്ങള്‍ ക്രിമിയയെ കീഴ്പ്പെടുത്തിയ റഷ്യയുടെ നടപടിക്ക് തുല്യമാണെന്നും ഈ ദ്വീപുകളില്‍ ചൈനയ്ക്ക് അവകാശമൊന്നുമില്ലെന്നും ടില്ലേഴ്സണ്‍ അഭിപ്രായപ്പെട്ടു. ടില്ലേഴ്സന്‍റെ ഉടമസ്ഥതയിലുള്ള എക്സണ്‍മോബില്‍ എണ്ണക്കമ്പനിക്ക് ചൈനാകടലില്‍ എണ്ണപര്യവേക്ഷണത്തിന് താല്‍പ്പര്യമുണ്ടെങ്കിലും ചൈനയുടെ നീക്കങ്ങള്‍ അതിന് തടസ്സംസൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് ചൈനാവിരുദ്ധ പ്രസ്താവന.

ദക്ഷിണ ചൈനാ കടലിലെ ദ്വീപുകളില്‍ ചൈനയ്ക്ക് പ്രവേശനം നല്‍കില്ലെന്ന ടില്ലേഴ്സണിന്‍റെ വാക്കുകള്‍ യുദ്ധപ്രഖ്യാപനമാണെന്ന് ചൈനയുടെ ഔദ്യോഗികമാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ സെനറ്റ് അംഗങ്ങളെ അഭിസംബോധനചെയ്യവെയാണ് ടില്ലേഴ്സണ്‍ ചൈനാവിരുദ്ധ പ്രസ്താവന നടത്തിയത്. ടില്ലേഴ്സണ്‍ ഉയര്‍ത്തിയ ഭീഷണി പ്രാവര്‍ത്തികമാക്കിയാല്‍ അത് അമേരിക്കയും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടലാകുമെന്ന് ചൈനീസ് സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള പത്രമായ ‘ചൈന ഡെയ്ലി’ അഭിപ്രായപ്പെട്ടു.

Comments are closed, but trackbacks and pingbacks are open.