നടിയെ ആക്രമിച്ച കേസ് ; കുറ്റപത്രവുമായി പോലീസ് കോടതിയിലേയ്ക്ക്
കൊച്ചി: നടിയെ കാറില്‍ ആക്രമണത്തിന് ഇരയാക്കിയ കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട നടന് ദിലീപിനെതിരായ കുറ്റപ്പത്രം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിക്കുക. മുന്നൂറിലേറെ സാക്ഷി മൊഴികളും നാനൂറ്റിയന്പതിലേറെ രേഖകളും കുറ്റപത്രത്തിന്റെ ഭാഗമായി പോലീസ് കോടതിയില്‍ സമര്‍പ്പിക്കും. പള്‍സര്‍ സുനിയും ദിലീപും മാത്രമാണു ഗൂഢാലോചനയില്‍ പങ്കെടുത്തതെന്നും കുറ്റപത്രത്തില്‍ പറയുന്നതായാണു വിവരം. അന്തിമ കുറ്റപത്രത്തില്‍ ദിലീപടക്കം 11 പേരാണു പ്രതികള്‍. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക.
ആക്രമണത്തിനു നേതൃത്വം നല്കിയ പള്‍സര്‍ സുനി തന്നെയാകും കുറ്റപത്രത്തില്‍ ഒന്നാം പ്രതിസ്ഥാനത്തുണ്ടാവുക. എന്നാല്‍ ഗൂഡാലോചന കുറ്റവുമായി ബന്ധപ്പെട്ടു ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പിനൊപ്പം പള്‍സര്‍ സുനിക്കും കൂട്ടാളികള്‍ക്കും മേല്‍ ചുമത്തിയിരിക്കുന്ന വകുപ്പുകളും ദിലീപിനെതിരെ ചുമത്തും.
നേരത്തെ കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം നീക്കം നടത്തിയിരുന്നു. എന്നാല്‍ പിന്നീട് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇത്തരത്തില്‍ കുറ്റപത്രം കോടതിയിലെത്തിയാല്‍ കേസ് പൊളിയുമെന്ന നിയമോപദേശം കിട്ടിയതോടെ ഈ ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്നു വിശദമായ കൂടിയാലോചനകള്‍ക്കൊടുവിലാണു ദിലീപിനെ എട്ടാം പ്രതിയാക്കാന്‍ അന്വേഷണ സംഘത്തില്‍ ധാരണയായത്.
‘ദേ പുട്ട്’ റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായി ദുബായില്‍ പോകാന്‍ പാസ്പോര്‍ട്ട് വിട്ടു നല്‍കണമെന്ന് ദിലീപ് ഹൈക്കോടതിയോട് അഭ്യര്‍ഥിച്ചതിനു പിന്നാലെയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് ഒരുങ്ങുന്നത്. പാസ്പോര്‍ട്ട് വിട്ടു നല്‍കണമെന്ന ദിലീപിന്റെ ആവശ്യത്തെ കോടതിയില്‍ എതിര്‍ക്കുന്നതിനും പൊലീസ് തീരുമാനമായിട്ടുണ്ട്. വിദേശത്തു നിന്ന് ദിലീപ് കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന വാദമാവും പൊലീസ് കോടതിയിലുയര്‍ത്തുക. ദുബായില്‍ പോകാന്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള പാസ്പോര്‍ട്ട് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസമാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.