EBM News Malayalam

ടാറ്റയുടെ പുതുക്കിയ സെനോൺ പിക്-അപ്പ് വാഹനം വിപണിയിലെത്തുന്നു

ടാറ്റ പുതുക്കിയ സെനോൺ പിക്-അപ്പ് വാഹനവുമായി വിപണിയിലെത്തുന്നു. 2017 ജനുവരി 3-നായിരിക്കും വിപണിപ്രവേശമെന്നാണ് കമ്പനി അറിയിപ്പ്. സെനോൺ യോദ്ധ എന്ന പുതുക്കിയ പേരിലായിരിക്കും ഈ ഫേസ്‍‌ലിഫ്റ്റ് പതിപ്പിന്‍റെ അവതരണം. മുംബൈയിൽ വച്ചു നടക്കുന്ന ചടങ്ങിൽ കമ്പനിയുടെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട ഹിന്ദി ചലച്ചിത്ര താരം അക്ഷയ് കുമാറിന്‍റെ സാന്നിദ്ധ്യത്തിലായിരിക്കും പുതിയ സെനോണിന്‍റെ അവതരണം. എക്സ്ഷോറൂം 9.96ലക്ഷം രൂപയായിരുന്നു മുൻ സെനോണിന്‍റെ വില. ഇതിനേക്കാൾ 20,000 രൂപ മുതൽ 30,000രൂപ വരെ വിലക്കൂടതലും പ്രതീക്ഷിക്കാം പുതിയ സെനോൺ യോദ്ധയ്ക്ക്. പുതുക്കിയ ഫ്രണ്ട് ബംബർ, ക്രോം ഉൾപ്പെടുത്തിയിട്ടുള്ള ഗ്രിൽ, പുതുക്കിയ ടെയിൽ‌ലാമ്പ് എന്നീ പരിഷ്കാരങ്ങളാണ് വാഹനത്തിന്‍റെ പുറമെ കാണാൻ സാധിക്കുക. എന്നാൽ വളരെ പരിമിതപ്പെടുത്തിയ മാറ്റങ്ങളാണ് അകത്തളത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

പുതുതായി ഇൻഫോടെയിൻമെന്റ് സിസ്റ്റം ഉൾപ്പെടുത്തിയതല്ലാതെ പറയത്തക്ക മാറ്റങ്ങളൊന്നും അകത്തളത്തിൽ വരുത്തിയിട്ടില്ല. 2.2ലിറ്റർ വാരികോർ 400 ഡീസൽ എൻജിനാണ് സെനോൺ യോദ്ധയ്ക്ക് കരുത്തേകുന്നത്. 154ബിഎച്ച്പിയും 400എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്. സഫാരി സ്ട്രോമിലും പുറത്തിറങ്ങാനിരിക്കുന്ന ഹെക്സയിലും ഇതേ എൻജിനാണ് ഉപയോഗിച്ചിട്ടുള്ളത്. ചക്രങ്ങളിലേക്ക് വീര്യമെത്തിക്കാൻ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനും അതോടൊപ്പം ഫോർവീൽ ഡ്രൈവും ഓപ്ഷണലായി നൽകിയിട്ടുണ്ട്. സെനോൺ യോദ്ധയിലൂടെ വാണിജ്യ വാഹന വിഭാഗത്തിലും സമാന രീതിയിലുള്ള മുന്നേറ്റം കാഴ്ചവെക്കാൻ സാധിക്കുമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് കമ്പനി.

Comments are closed, but trackbacks and pingbacks are open.