കോര്പറേഷന് സംഘര്‍ഷം: മേയറെ ഐ .സി.യുവില്‍നിന്ന് പ്രത്യേക മുറിയിലേക്ക് മാറ്റി
തിരുവനന്തപുരം: കോര്‍പറേഷനില്‍ കൗണ്‍സില്‍ യോഗത്തെ തുടര്‍ന്ന് നടന്ന കൈയേറ്റത്തില്‍ നിലത്തുവീണ് പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രി ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്ന മേയര്‍ വി.കെ. പ്രശാന്തിനെ ഞായറാഴ്ച പ്രത്യേക മുറിയിലേക്ക് മാറ്റി. മേയറുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മേയറുടെ പരാതിയില്‍ 20 ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ 27പേര്‍ക്കെതിരെ വധശ്രമത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അതേസമയം, കോര്‍പറേഷനിലെ ബി.ജെ.പി നേതാവ് ഗിരികുമാറിെന്റ പരാതിയില്‍ മേയര്‍ ഉള്‍പ്പെടെ ആറ് കൗണ്‍സിലര്‍മാര്‍ക്കെതിരെയും മ്യൂസിയം പൊലീസ് കേസെടുത്തു. സംഭവത്തില്‍ ഉത്തരവാദികളായ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ക്കെതിരെ കോര്പറേഷന് ഭരണസമിതിയും നടപടി സ്വീകരിക്കും.
അനിഷ്ട സംഭവങ്ങള്‍ക്ക് ശേഷവും ആരോപണ പ്രത്യാരോപണങ്ങളുമായി സി.പി.എമ്മും ബി.ജെ.പിയും കൊമ്ബുകോര്‍ത്തു. മേയറെ അക്രമിച്ച ബി.ജെ.പി നിലപാടിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ഞായറാഴ്ച രംഗെത്തത്തി. ആസൂത്രിത നീക്കമെന്നുപറഞ്ഞ മുഖ്യമന്ത്രി അക്രമികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. ആര്.എസ്.എസ് നടത്തിയ ഗൂഢനീക്കമാണ് മേയര്ക്കെയിരായ ആക്രമണമെന്ന് കോടിയേരി ആരോപിച്ചു. മേയറും മുഖ്യമന്ത്രിയും നടത്തുന്ന കള്ളക്കളികള്‍ക്കെതിരെ ജില്ലയില്‍ പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി ജില്ല പ്രസിഡന്റ് എസ്. സുരേഷ് അറിയിച്ചു. മേയറും സി.പി.എം കൗണ്‍സിലര്‍മാരും ചേര്‍ന്ന് ഗിരികുമാറിനെയും ബി.ജെ.പി വനിത കൗണ്‍സിലര്‍മാരെയും ആക്രമിക്കുകയായിരുന്നു.
ഒരു പരിക്കുമേല്‍ക്കാതെ ചികിത്സയില്‍ കഴിയുന്ന മേയറെ ഓള് ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാരെ കൊണ്ട് വിദഗ്ധ പരിശോധന നടത്തണമെന്നും സുരേഷ് വാര്‍ത്തസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളജ് ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റില്‍ കഴിഞ്ഞിരുന്ന മേയറെ ഞായറാഴ്ച രാവിലെയാണ് പ്രത്യേക മുറിയിലേക്ക് മാറ്റിയത്. വലതുകാലിന് പ്ലാസ്റ്റര്‍ ഇട്ട മേയര്‍ക്ക് ശരീരത്തിെന്റ വിവിധ ഭാഗങ്ങളില്‍ ചതവുണ്ട്. കഴുത്തിനും ക്ഷതമേറ്റിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്ന മേയറെ മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രി കടകംപള്ളി സുരേന്ദ്രന്, വി.എം. സുധീരന്, സി. ദിവാകരന് എം.എല്‍.എ, ഭരണപരിഷ്കാര കമീഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന്, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, ജില്ല സെക്രട്ടറി ജി.ആര്. അനില്‍, എം. വിജയകുമാര്‍, സി.പി. നാരായണന് എം.പി എന്നിവര്‍ സന്ദര്‍ശിച്ചു. ബി.ജെ.പി നേതാവ് ഗിരികുമാറും രണ്ട് വനിത കൗണ്‍സിലര്‍മാരും ചികിത്സയിലാണ്.