EBM News Malayalam

കേന്ദ്ര നയങ്ങള്‍ക്കെതിരേ പ്രതിഷേധവുമായി നാളെ ബി.എം.എസ്. പാര്‍ലമെന്റ് മാര്‍ച്ച്‌

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങള്‍ക്കെതിരേ ബി.എം.എസിന്‍റെ നേതൃത്വത്തില്‍ നാളെ പാര്‍ലമെന്റ് മാര്‍ച്ച്‌.
കേന്ദ്ര നയങ്ങള്‍ തൊഴിലാളി വിരുദ്ധമാണെന്ന ആരോപിച്ചാണു സംഘപരിവാര്‍ തൊഴിലാളി സംഘടനയായ ബി.എം.എസ്. സമരരംഗത്തിറങ്ങുന്നത്. പ്രകടനത്തിനു ശേഷം തൊഴില്‍പ്രശ്നം സംബന്ധിച്ച മന്ത്രിസഭാ ഉപസമിതിയുടെ അധ്യക്ഷന്‍ അരുണ്‍ ജെയ്റ്റ്ലിക്ക് നേതാക്കള്‍ അവകാശപത്രിക സമര്‍പ്പിക്കും.
തൊഴില്‍ നിയമപരിഷ്കരണത്തിന്റെ പേരില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ കവരുന്നത് അവസാനിപ്പിക്കുക, മുഴുവന്‍ മേഖലകളിലും തുല്യജോലിക്കു തുല്യവേതനം ഉറപ്പാക്കുക, കരാര്‍ തൊഴിലുകള്‍ അവസാനിപ്പിക്കുക, പൊതുമേഖലയെയും സാമ്ബത്തിക സ്ഥാപനങ്ങളെയും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു പ്രക്ഷോഭം. സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേയാണു പ്രക്ഷോഭമെന്നും ഏതെങ്കിലും പാര്‍ട്ടിക്ക് എതിരല്ലെന്നും ബി.എം.എസ് ദേശീയ ജനറല്‍ സെക്രട്ടറി വ്രിജേഷ് ഉപാധ്യായ പറഞ്ഞു. സര്‍ക്കാരിന്റെ നയം രാഷ്ട്രീയമാണ്. എന്നാല്‍, തങ്ങളുടെത് തൊഴിലാളികളുടെ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോഡി സര്‍ക്കാരിന്റെ തൊഴില്‍പരിഷ്കരണം, സ്വകാര്യവല്‍കരണം, വിദേശഇടപെടലുകള്‍ എന്നീ നയങ്ങളില്‍ ബി.എം.എസിന് എതിര്‍പ്പുണ്ട്. ജി.എസ്.ടി, നോട്ട് നിരോധനം തുടങ്ങിയ വിഷയങ്ങളിലും ബി.എം.എസ് സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.

Leave A Reply

Your email address will not be published.