കണ്ണൂരില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു : സംഭവത്തിന് പിന്നില്‍ സിപിഎം എന്ന് സംശയം
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. പാനൂര്‍ ചെണ്ടയാട് സ്വദേശി ശ്യാംജിത്തിനാണ് വെട്ടേറ്റത്. ഇയാളെ തലശ്ശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. പാനൂരില്‍ ഏതാനും ദിവസങ്ങളായി സിപിഎം-ബിജെപി സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് തിങ്കളാഴ്ചത്തെ സംഭവമെന്നാണ് വിലയിരുത്തല്‍.
കൂടുതല്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്ഥലത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.കഴിഞ്ഞ ദിവസം കണ്ണൂര്‍ കൂത്തുപറമ്പ് മാനന്തേരിയിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.
ഈ സംഭവവുമായി ബന്ധപ്പെട്ട് ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ പോലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അക്രങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.