ഓഖി മഹാരാഷ്ട്രയില്‍ അതീവ ജാഗ്രതാ നിര്‍ദേശം : സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു
കോഴിക്കോട്: കേരള തീരത്തും തമിഴ്നാട്ടിലും കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് മഹാരാഷ്ട്രയിലെത്തി. ഗുജറാത്തിലെ സൂറത്തിനു സമീപം കടന്നുപോകുന്ന കാറ്റിനെ തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ മുംബൈയില്‍ കനത്ത മഴയാണ്. ഇന്നലെ രാത്രിയില്‍ തുടങ്ങിയ മഴ ഇതുവരെയും തോര്‍ന്നിട്ടില്ല. മുന്‍കരുതലെന്ന നിലയില്‍ മുബൈയിലെയും അയല്‍ജില്ലകളിലെയും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഏതു സാഹചര്യത്തേയും നേരിടാനായി രക്ഷാപ്രവര്‍ത്തകരുടെ സംഘം തയാറാണ്. യാത്രക്കാര്‍ കൂടുതലായാല്‍ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ നേരിടാന്‍ റെയില്‍വെ കൂടുതല്‍ പേരെ ജോലിക്ക് നിയോഗിച്ചിട്ടുണ്ട്.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗുജറാത്തില്‍ നടത്താനിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളും കനത്ത മഴ മൂലം റദ്ദാക്കി. ബീച്ചുകള്‍ സന്ദര്‍ശിക്കരുതെന്നു ജനത്തിന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
അതേസമയം, ചുഴലിക്കാറ്റ് വിതച്ച നാശങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി കേരളത്തില്‍ സമഗ്ര നഷ്ടപരിഹാര പാക്കേജ് തയ്യാറാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നാളത്തെ മന്ത്രിസഭാ യോഗം പാക്കേജിന് അംഗീകാരം നല്‍കും. ജീവനോപാധികള്‍ നഷ്ടപ്പെട്ടതിനടക്കം പാക്കേജ് തയ്യാറാക്കാന്‍ റവന്യു, ഫിഷറീസ്, ടൂറിസം മന്ത്രിമാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.