ഓഖി ദുരന്തം : തിരിച്ചറിയാനാകാതെ 10 മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജില്‍
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ മരിച്ചവരുടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാകാത്ത വിധം ജീര്‍ണിച്ച നിലയിലാണ്. ഇവരുടെ കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കുചേര്‍ന്ന് എത്രയും വേഗം പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനായി മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം രാത്രിയില്‍ പോലും പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു.
മെഡിക്കല്‍ കോളേജില്‍ ഇതുവരെ 16 പേരെയാണ് മരിച്ച നിലയില്‍ കൊണ്ടുവന്നത്. ഇതില്‍ ആറ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇനി 10 മൃതദേഹങ്ങളാണ് തിരിച്ചറിയാനുള്ളത്. ബന്ധുക്കള്‍ക്ക് പോലും തങ്ങളുടെ സ്വന്തക്കാരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ല. ഈയൊരവസരത്തിലാണ് ആധുനിക ഡി.എന്‍.എ. ടെസ്റ്റിലൂടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങിയത്. മുമ്പ് പുറ്റിങ്ങല്‍ അപകട സമയത്തും തിരിച്ചറിയാത്ത എല്ലാ മൃതദേഹങ്ങളും ഇതേ അവസ്ഥയിലായിരുന്നു തിരിച്ചറിഞ്ഞത്.