EBM News Malayalam

ഐ.എ.എസ് സമരം

വിവിധ സ്വഭാവമുള്ള സമരങ്ങള്‍ കണ്ടവരാണ് കേരളീര്‍. അത് കേരള സംസ്ഥാന രൂപീകരണത്തിന് മുന്‍പും അതിനു ശേഷവും ഉണ്ടായിട്ടുണ്ട്. കേരള രൂപീകരണത്തിനു മുന്‍പുണ്ടായ സമരങ്ങളാണ് മലബാര്‍ കലാപം, മാറുമറയ്ക്കല്‍ സമരം, ക്ഷേത്ര പ്രവേശന സമരം, കയ്യൂര്‍ സമരം, പുന്നപ്ര-വയലാര്‍ സമരം, തിരുവനന്തപുരം പേട്ട സമരം തുടങ്ങിയവ. ഇതെല്ലാം സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പുണ്ടായ സമരങ്ങളാണ്. കേരള സംസ്ഥാനത്തിലെ ആദ്യത്തെ കോളിളക്കം സൃഷ്ടിച്ച സമരമായിരുന്നു 1959-ലെ വിമോചനസമരം. 1969-70 കാലഘട്ടത്തിലുണ്ടായ ചിതറിപ്പോയ നക്‌സലൈറ്റ് സമരങ്ങളും ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. 1974-ല്‍ എ.കെ.ജിയുടെയും ഫാദര്‍ വടക്കന്‍റെയും നേതൃത്വത്തിലുണ്ടായ മിച്ചഭൂമി സമരമാണ് സംസ്ഥാനത്ത് അവസാനത്തെ ശ്രദ്ധിക്കപ്പെട്ട സമരം.

ദിവസേന വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നിരവധി സമരങ്ങള്‍ സംസ്ഥാനത്ത് ഉണ്ടാകുന്നുണ്ട്. സെക്രട്ടേറിയേറ്റ് നടയില്‍ സമരം ഒഴിഞ്ഞ ദിവസങ്ങള്‍ ഉണ്ടായിട്ടില്ല. ഒരു വര്‍ഷം പിന്നിട്ട സമരങ്ങളും കൂട്ടത്തിലുണ്ട്. തൊഴിലാഴികളും എല്‍.ജി.ഒമാരും അദ്ധ്യാപകരും ഡോക്ടര്‍മാരുമൊക്കെ നടത്തുന്ന സമരങ്ങള്‍ സര്‍വ്വസാധാരണമായിമാത്രമാണ് ജനങ്ങള്‍ വിലയിരുത്തുന്നത്. ഭൂമിക്കുവേണ്ടിയുള്ള ആദിവാസികളുടെ സമരങ്ങളും ശ്രദ്ധേയമാണ്.

എന്നാല്‍ ഐ.എ.എസുകാരുടെ സമരം ആദ്യമായിട്ടാണ് കേരളം കേള്‍ക്കുന്നത്. സമൂഹത്തില്‍ വളരെ ഉന്നത നിലവാരം പുലര്‍ത്തുന്നവരും ഉയര്‍ന്ന വേതനവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നവരുമാണ് ഐ.എ.എസുകാര്‍. അതുകൊണ്ടുതന്നെ അവര്‍ക്ക് ജനങ്ങളോടുള്ള ഉത്തരവാദിത്വവും വലുതാണ്. എല്ലാ വകുപ്പുകളുടെയും മേധാവികള്‍ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് എന്നീ റാങ്കുകളിലേതെങ്കിലുമൊന്ന് ലഭിച്ചവരായിരിക്കും.

കൂട്ട അവധിയെടുത്ത് പ്രതിഷേധം പ്രകടിപ്പിക്കാനായിരുന്നു ഒരു വിഭാഗം ഐ.എ.എസുകാരുടെ തീരുമാനം. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍, അവധിയെടുക്കനുള്ള തീരുമാനം പിന്‍വലിച്ചത് ആരോഗ്യപരവും പക്വവുമായ തീരുമാനമാണ്.

വിജിലന്‍സ് ഡയറക്ടര്‍ ഐ.എ.എസുകാരെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് കൂട്ട അവധിയെടുക്കാന്‍ തീരുമാനിച്ചത്. കോടിക്കണക്കിന് രൂപയുടെ അഴിമതികളാണ് വിജിലന്‍സ് അന്വേഷണത്തിലൂടെ പുറത്തുവന്നത്. ഇത് ഐ.എ.എസുകാരെ ചൊടിപ്പിച്ചിട്ടുണ്ടാവും. അഴിമതികള്‍ അന്വേഷിക്കാനും തെളിവു ലഭിച്ചാല്‍ കേസ്സെടുക്കാനും അധികാരമുള്ള വിഭാഗമാണ് വിജിലന്‍സ്. ഐ.എ.എസുകാരുടെ പേരിലുള്ള അഴിമതികള്‍ മാത്രമല്ല വിജിലന്‍സ് അന്വേഷിക്കുന്നത്. മുന്‍ മന്ത്രിമാരുടെയും ഇപ്പോഴത്തെ മന്ത്രിമാരുടെയും പേരിലുള്ള അഴിമ ആരോപണങ്ങളും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. അറിഞ്ഞിടത്തോളം ശക്തമായ നിലപാടാണ് മുഖ്യമന്ത്രിയും കൈകൊണ്ടത്. അത് അഭിനന്ദനാര്‍ഹമാണ്.

കിളിമാനൂര്‍ നടരാജന്‍
എഡിറ്റര്‍

Comments are closed, but trackbacks and pingbacks are open.