EBM News Malayalam

എ.ടി.എം. വഴി പണം പിന്‍വലിക്കല്‍; ബാങ്കുകള്‍ യൂസേജ് ചാര്‍ജ് ഈടാക്കിത്തുടങ്ങി

പാലക്കാട്: എ.ടി.എം. കാര്‍ഡുപയോഗിച്ച് പണം പിന്‍വലിക്കുന്നതിന് ബാങ്കുകള്‍ യൂസേജ് ചാര്‍ജ് ഈടാക്കിത്തുടങ്ങി. 20 മുതല്‍ 25 രൂപവരെയും മറ്റിടപാടുകള്‍ക്ക് ഒന്‍പത് രൂപയുമാണ് ഈടാക്കുന്നത്. പരിധികഴിഞ്ഞാലാണ് എ.ടി.എം. ഉപയോഗത്തിന് ഫീസ് ഈടാക്കുന്നത്. നഗരങ്ങളില്‍ മൂന്നുതവണയും മറ്റുസ്ഥലങ്ങളില്‍ അഞ്ചുതവണയുമാണ് ഫീസില്ലാതെ എ.ടി.എം. കാര്‍ഡുകള്‍ ഉപയോഗിക്കാവുന്നത്. ബാങ്കുകള്‍ക്കനുസരിച്ച് ഈ നിരക്കില്‍ വ്യത്യാസം വരും. പലബാങ്കുകളും ഫീസ് ഈടാക്കിത്തുടങ്ങിയിട്ടില്ല. നവംബര്‍ 14 മുതല്‍ ഡിസംബര്‍ 31വരെ എ.ടി.എം. കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ബാങ്കുകള്‍ ഫീസ് ഈടാക്കരുതെന്ന് റിസര്‍വ് ബാങ്കിന്‍റെ നിര്‍ദേശമുണ്ടായിരുന്നു. യൂസേജ് ചാര്‍ജും 15 ശതമാനം സേവനനികുതിയുമായാണ് ഫീസ് ഈടക്കുന്നതെന്ന് എസ്.ബി.ഐ. അധികൃതര്‍ പറഞ്ഞു. പിന്‍വലിക്കുന്ന തുകയുമായി ഇതിന് ബന്ധമില്ല.

പരിധിക്കുശേഷം ബാലന്‍സ് പരിശോധനയ്ക്കായി എ.ടി.എം. കാര്‍ഡ് ഉപയോഗിച്ചാലും ഫീസ് ഈടാക്കാമെന്നും ബാങ്കധികൃതര്‍ പറഞ്ഞു. ഇതിന് ഒന്‍പത് രൂപയുമാണ് ഈടാക്കുന്നത്. ഓണ്‍ലൈനായി ബില്ലുകള്‍ അടയ്ക്കുന്നതിനും എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നതും ഇലക്ട്രോണിക് സംവിധാനം വഴി പണമിടപാടുകള്‍ നടത്തുന്നതും പരിധിയില്‍ ഉള്‍പ്പെടില്ല. ബാങ്കുകളില്‍ പി.ഒ.എസ്. യന്ത്രം വഴി പണമെടുക്കാതെതന്നെ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാന്‍ സംവിധാനമുണ്ട്. പക്ഷേ, ഇതും അതത് ബാങ്കുകളുടെ അക്കൗണ്ടില്‍നിന്ന് മാത്രമേപറ്റൂ എന്നതും ന്യൂനതയാണ്. ഇല്ലെങ്കില്‍ നോട്ടുമായി ചെന്നുതന്നെ പണം അക്കൗണ്ടിലിടേണ്ടിവരും. മിക്ക എ.ടി.എമ്മുകളിലും അത് മെട്രോയാണോ നോണ്‍ മെട്രോയാണോ എന്ന് രേഖപ്പെടുത്തിയുണ്ടാവും. ചെറുകിട പട്ടണങ്ങളിലധികവും ഗ്രാമീണമേഖലയായാണ് പരിഗണിച്ചിട്ടുള്ളത്. ഇത്തരം എ.ടി.എമ്മുകളില്‍ അഞ്ച് ഇടപാടുകള്‍ ഫീസില്ലാതെ നടത്താം.

Comments are closed, but trackbacks and pingbacks are open.