എല്‍പിജി സബ്സിഡി അട്ടിമറി : കമ്പനികളുടെ ഒത്തുകളിയെന്നു റിപ്പോര്‍ട്ട്
ബെംഗളൂരു: എല്‍പിജി സബ്സിഡി ബാങ്ക് അക്കൗണ്ടുകളില്‍ ലഭിക്കുന്നില്ലെന്ന പരാതികളാണ് ഇപ്പോള്‍ രാജ്യത്ത് ഉയരുന്നത്. എന്നാല്‍ സബ്സിഡിയുടെ പേരില്‍ സര്‍ക്കാരിനെ തെറിവിളിക്കുന്നവര്‍ ഇക്കാര്യം കൂടി അറിഞ്ഞിരിക്കണം. എല്‍പിജി സബ്സിഡി സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും ബാങ്കുകളുടെ പിഴവാണെന്നുമുള്ള ആരോപണങ്ങളും സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ സജീവമാണ്.
അതേസമയം എല്‍പിജി ഉപയോക്താക്കള്‍ നല്‍കിയിട്ടുള്ള അക്കൗണ്ടിലേയ്ക്ക് സബ്സിഡി തുക നിക്ഷേപിക്കാതെ ഒടുവില്‍ ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്ന നീക്കം ഏകപക്ഷീയമാണെന്നും ജനങ്ങളില്‍ നിന്ന് ആരോപണമുയര്‍ന്നിരുന്നു. ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള ചുമതല നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷനാണുള്ളത്.
ബാങ്ക് അക്കൗണ്ടിലേയ്ക്ക് കൃത്യമായി എല്‍പിജി സബ്സിഡി എത്തുന്നില്ലെന്ന് പരാതിയുയര്‍ന്നത് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഇതോടെ പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ പെട്രോളിയം മന്ത്രാലയം ആധാര്‍ അതോറിറ്റിയുമായി കൂടിയാലോചിച്ച് നടത്തുമെന്നാണ് എല്‍പിജി കമ്പനികള്‍ നല്കുന്ന ഉറപ്പ്.
ഏറ്റവും ഒടുവില്‍ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേയ്ക്കാണ് എല്‍പിജിയുടെ സബ്സിഡി തുകയെത്തുന്നത്. ആധാറും ബാങ്ക്അക്കൗണ്ടും ബന്ധിപ്പിക്കുന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയതിന് പിന്നാലെ ബാങ്കുകളും ഇക്കാര്യം കാണിച്ച് ഉപയോക്താക്കള്‍ക്ക് ഇമെയിലുകളും എസ്എംഎസുകളും അയയ്ക്കാന്‍ തുടങ്ങിയതോടെ പല ബാങ്കുകളിലായി ഒന്നിലധികം അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചതാണ് എല്‍പിജി ഉപയോക്താക്കള്‍ക്ക് തിരിച്ചടിയായിട്ടുള്ളത്. സ്ഥിരമായി ഉപയോഗിക്കാറില്ലാത്ത അക്കൗണ്ടുകളില്‍ ഇത്തരത്തില്‍ സബ്സിഡി ലഭിക്കുന്നത് പലരും അറിയാതെ പോകുന്നതാണ് അടുത്തകാലത്തായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സംഭവം. എന്നാല്‍ ഇത് ഒരു ‘സാങ്കേതിക തകരാര്‍’ മാത്രമാണ് എന്നാണ് എല്‍പിജി കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നത്.
രാജ്യത്ത് മൊബൈല്‍ കമ്പനികളുടെ ഉടമസ്ഥതയിലുള്ള പേയ്മെന്റ് വാലറ്റുകളിലേയ്ക്ക് ഗ്യാസ് സബ്സിഡി നിക്ഷേപിക്കപ്പെടുന്നുവെന്ന പ്രചാരണങ്ങളും സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു. എന്നാല്‍ എയര്‍ടെല്‍ പേയ്മെന്റ് ബാങ്കിലാണ് ഇത്തരത്തില്‍ പിഴവ് സംഭവിച്ചിട്ടുള്ളതെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. എയര്‍ടെല്‍ ഉപയോക്താക്കളായ എല്‍പിജി ഉപയോക്താക്കള്‍ക്ക് സബ്സിഡിയിനത്തില്‍ ലഭിക്കേണ്ട 47 കോടിയോളം രൂപയാണ് ഇത്തരത്തില്‍ എയര്‍ടെല്ലിന്റെ പേയ്മെന്റ് ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. മൊബൈല്‍ നമ്ബര്‍ തന്നെ അക്കൗണ്ട് നമ്ബറാകുന്ന പേയ്മെന്റ് ബാങ്കുകളുടെ സംവിധാനമാണ് സാങ്കേതിക പ്രശ്നങ്ങള്‍ക്ക് വഴിവെച്ചിട്ടുള്ളത്. ഇതിനിടെ തങ്ങളുടെ അറിവോ അനുമതിയോ ഇല്ലാതെയാണ് സബ്സിഡി നിക്ഷേപിക്കുന്നതെന്നും ഉപയോക്താക്കളില്‍ നിന്ന് പരാതിയുയര്‍ന്നിട്ടുള്ളത്.