ഇന്നു മുതല്‍ സംസ്ഥാന സ്കൂള്‍ കലോത്സവം കണ്ണൂരില്‍
കണ്ണൂര്‍: ഇന്നു മുതല്‍ ഏഴുദിവസം ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കണ്ണൂര്‍ ജില്ല വേദിയാകുന്നു. എറണാകുളത്ത് നടത്താന്‍ നിശ്ചയിച്ച കലോത്സവം മെട്രോയുടെ പണി നടക്കുന്നതിനാല്‍ ഇങ്ങോട്ടു മാറ്റുകയായിരുന്നു. നിളയെന്നു പേരിട്ട പ്രധാനവേദിയില്‍ വൈകുന്നേരം നാലിനു മുഖ്യമന്ത്രി പിണറായി വിജയന് കലോത്സവം ഉദ്ഘാടനം ചെയ്യും. രാവിലെ 9.30ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ പതാക ഉയര്‍ത്തും. ഉദ്ഘാടനത്തിന് മുന്നോടിയായി കണ്ണൂരിന്റെ കലാ, സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ഘോഷയാത്ര ഉച്ചയ്ക്ക് രണ്ടിന് സെന്റ് മൈക്കിള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പരിസരത്ത് നിന്ന് ആരംഭിക്കും. 57 സംഗീത അധ്യാപകരുടെ സ്വാഗതഗാനത്തോടെ ഉദ്ഘാടനച്ചടങ്ങ് തുടങ്ങും. ഗാനത്തിനൊത്ത് കുട്ടികളുടെ നൃത്താവിഷ്കാരവുമുണ്ടാകും. 2.10 കോടിയുടെ ബജറ്റാണ് സര്‍ക്കാര്‍ സംഘാടനത്തിന് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം 1.90 കോടി രൂപയായിരുന്നു. വിജയികള്‍ക്കുള്ള സമ്മാനത്തുകയും വിധികര്‍ത്താക്കള്‍ക്കുള്ള വേതനവും ഇക്കുറി ഇ-പേയ്മെന്റ് വഴിയായിരിക്കും. വിദ്യാര്‍ഥികള്‍ക്കു ബാങ്ക് അക്കൗണ്ടില്ലെങ്കില്‍ രക്ഷിതാക്കളുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കും. മത്സരത്തിലെ എ ഗ്രേഡുകാര്‍ക്കു 30 ഗ്രേസ് മാര്‍ക്ക് ലഭിക്കും. ബി ഗ്രേഡുകാര്‍ക്കു 24 മാര്‍ക്കും സിഗ്രേഡുകാര്ക്കു 18 മാര്‍ക്കും ലഭിക്കും.
മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷനായിരിക്കും. കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവം നാളെ വൈകിട്ട് അഞ്ചിന് സ്റ്റേഡിയം കോര്‍ണറില്‍ സാഹിത്യകാരന് ടി.പത്മനാഭന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു ഹിമാംശു നന്ദയുടെ ഹിന്ദുസ്ഥാനി ബാംസുരി കച്ചേരി നടക്കും. പൂര്‍ണമായും ഹരിതനയം നടപ്പാക്കുന്ന കലോത്സവത്തിനാണ് ഒരുക്കം പൂര്‍ത്തിയായിരിക്കുന്നത്. ഘോഷയാത്ര മുതല്‍ ഊട്ടുപുര വരെ പ്ലാസ്റ്റിക് വിമുക്തമാക്കി കലോത്സവം നടത്താനുളള പരിശ്രമത്തിലാണു സംഘാടകസമിതി. ഇതുസംബന്ധിച്ചുള്ള മുഴുവന്‍ വിവരങ്ങളും അറിയാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ് ജില്ലാ ഭരണകൂടം തയാറാക്കിയിട്ടുണ്ട്. കലോത്സവനഗരിയില്‍ പരാതി പരിഹാര സെല്‍ ഒരുക്കി. ലഭിക്കുന്ന പരാതികള്‍ ഉടന്‍ തന്നെ മൊബൈല്‍ ആപ് വഴി പൊതുവിദ്യാഭ്യാസ ഡയറക്ടറെ അറിയിക്കും. മത്സരാര്‍ഥികള്‍ക്കും ആസ്വാദകര്ക്കുമുണ്ടാകുന്ന പ്രയാസങ്ങള്‍ ഇതുവഴി പരിഹരിക്കും. അപ്പീലുകള്‍ സെല്‍ പരിഗണിക്കില്ല.
Comments are closed, but trackbacks and pingbacks are open.