ആധാര്‍ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്സൈറ്റുകളിലൂടെ പരസ്യപ്പെട്ടതായി സമ്മതിച്ച് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. വിവരാവകാശ പ്രകാരമുളള അപേക്ഷക്ക് നല്കിയ മറുപടിയിലാണ് ആധാര്‍ അതോറിറ്റി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുളളത്. വിവരങ്ങള്‍ പിന്നീട് വെബ്സൈറ്റുകളില്‍ നിന്ന് നീക്കം ചെയ്തതായും അതോറിറ്റി അറിയിച്ചു. ആധാറിനെതിരായി ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളില്‍ പലതും വ്യക്തികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളുടെ അടിസ്ഥാനത്തിലായിരുന്നു. ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായി നേരത്തെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിയാണെന്ന് സമ്മതിച്ചിരിക്കുകയാണ് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ 210 വെബ്സൈറ്റുകളിലൂടെ ആധാര്‍ വിവരങ്ങള്‍ പരസ്യപ്പെട്ടതായാണ് അതോറിറ്റിയുടെ വെളിപ്പെടുത്തല്‍. ഇതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റുകളും ഉള്‍പ്പെടും. വ്യക്തികളുടെ പേര്, മേല്‍വിലാസം, മറ്റു വിവരങ്ങള്‍ എന്നിവക്കൊപ്പം ആധാര്‍ നമ്പരും ഇത്തരം വെബ്സൈറ്റുകളിലൂടെ പ്രസിദ്ധപ്പെടുത്തി യിരുന്നതായാണ് യുണീക്ക് ഐഡറ്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടയുടനെ തന്നെ വിവരങ്ങള്‍ വെബ്സൈറ്റുകളില്‍ നിന്ന് നീക്കം ചെയ്തതായും അതോറിറ്റി അറിയിച്ചു.
എപ്പോഴാണ് ആധാര്‍ വിവരങ്ങള്‍ വെബ്സൈറ്റുകളില്‍ പരസ്യപ്പെട്ടതെന്ന് അതോറിറ്റി വെളിപ്പെടുത്തിയിട്ടില്ല. വിവരങ്ങള്‍ സൂക്ഷിക്കുന്നതിന് നൂതനവും അതിശക്തവുമായ സുരക്ഷാ സംവിധാനങ്ങള്‍ തങ്ങള്‍ക്കുണ്ടെന്നും അതോറിറ്റി അവകാശപ്പെട്ടു. കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തി സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നും യുണീക്ക് ഐഡറ്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ വിവരാവകാശ അപേക്ഷക്ക് നല്കിയ മറുപടിയില്‍ വ്യക്തമാക്കുന്നു