ആധാര്‍ ബന്ധിപ്പിക്കല്‍: അവസാന തീയതി ഡിസംബര്‍ 31
ദില്ലി: ആധാര്‍ കാര്‍ഡ് ഏറ്റവുമധികം ചര്‍ച്ചയായ വര്‍ഷമാണ് 2017 അതുകൊണ്ട് തന്നെ ആധാര്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകളും നിര്‍ദേശങ്ങളും മറക്കാതെ സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. 2017 അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ നിങ്ങള്‍ ഓര്‍ത്തുവയ്ക്കേണ്ട തിയ്യതികള്‍ ഇവയാണ്. 35 മന്ത്രാലയങ്ങള്‍ക്കു കീഴിലുള്ള 135 ഓളം പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കാനും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട്
സാമ്പത്തിക തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടും തമ്മില്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്നത്. 2017 ഡിസംബര്‍ 31നുള്ളില്‍ ആധാരും ബാങ്ക് അക്കൗണ്ടും തമ്മില്‍ ബന്ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുത്തവരും ആധാര്‍ വിവരങ്ങള്‍ ബാങ്കുകളില്‍ സമര്‍പ്പിക്കണം. ആധാറുമായി ബന്ധിപ്പിക്കാത്ത പക്ഷം അക്കൗണ്ട് ഉടമകള്‍ക്ക് ഇത് തുടര്‍ന്ന് ഉപയോഗിക്കാന്‍ കഴിയില്ല. 2017 ഡിസംബര്‍ 31നുള്ളില്‍ ആധാറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. നേരിട്ട് അക്കൗണ്ടുള്ള ബ്രാഞ്ചിലെത്തിയോ ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴിയോ മൊബൈല്‍ ബാങ്കിംഗ് വഴിയോ ആധാര്‍- ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
പാന്‍ കാര്‍ഡ് ആധാര്‍ ബന്ധിപ്പിക്കല്‍
ആദായനികുതി സമര്‍പ്പിക്കുന്നതിന് ആധാറും പാന്‍ ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ആദായനികുതി നിയമഭേഗതിയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് നികുതി ദായകര്‍ക്ക് ഈ ആധാര്‍- പാന്‍ ബന്ധിപ്പിക്കല്‍ തലവേദനയായത്. ആഗസ്റ്റ് 31 നുള്ളില്‍ ആധാര്‍- പാന്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു ആദ്യം സിബിഡിടി നിര്‍ദേശിച്ചിരുന്നതെങ്കിലും പിന്നീട് ഇത് ഡിസംബര്‍ 31 വരെ നീട്ടി നല്‍കിയിരുന്നു. ഇക്കാലയളവിനുള്ളില്‍ ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിച്ചില്ലെങ്കില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സിബിഡിടി മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍ ആധാര്‍- പാന്‍ കാര്‍ഡ് ബന്ധിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് സുപ്രീം കോടതി അനുവദിച്ചാല്‍ മൂന്ന് മുതല്‍ ആറ് മാസം വരെ സമയം അനുവദിച്ചേക്കുമെന്നും സൂചനകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
പിപിഎഫ്, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍
എല്ലാത്തരത്തിലുള്ള പോസ്റ്റ് ഓഫീസ്, പിപിഎഫ്, നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് പദ്ധതികള്‍, കിസാന്‍ വികാസ് പത്ര എന്നീ പദ്ധതികള്‍ക്കും ആധാര്‍ ബന്ധിക്കുന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. നിലവിലുള്ള അക്കൗണ്ട് ഉടമകള്‍ക്ക് ആധാറുമായി ബന്ധിപ്പിക്കാന്‍ 2017 ഡിസംബര്‍ 31 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്.
സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് ആധാര്‍
ഗ്യാസ് സബ്സ്സിഡി, സര്‍ക്കാരില്‍ നിന്നുള്ള സ്കോളര്‍ഷിപ്പ്, പെന്ഷന് ആനുകൂല്യങ്ങള്‍ എന്നീ സാമൂഹിക സുരക്ഷാ പദ്ധതികള്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2017 ഡിസംബര്‍ 31 ആണ്. 35 മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള 135 സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കാണ് നിലവില്‍ ആധാര്‍ ബാധകമായിട്ടുള്ളത്. ഇതില്‍ പാവപ്പെട്ട സ്ത്രീകള്‍ക്കുള്ള പാചകവാതകം, മണ്ണെണ്ണ, കീടനാശിനി, തൊഴിലുറപ്പ് പദ്ധതി എന്നിവയെല്ലാം ഉള്‍പ്പെടുന്നു.
മൊബൈല്‍ ബന്ധിപ്പിക്കലിന് ഫെബ്രുവരി 6
മൊബൈല്‍ നമ്പര്‍ ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കാന്‍ നിങ്ങള്‍ക്ക് മൊബൈല്‍ സര്‍വീസ് റീട്ടെയിലറുമായും ബന്ധപ്പെടാം. മിക്ക ടെലികോം കമ്പനികളും ആധാര്‍ – മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍ വളരെ എളുപ്പത്തില്‍ ചെയ്തു നല്‍കുന്നുണ്ട്. ഇതിന് അവര്‍ പ്രത്യേക ഫീസ് ഈടാക്കുന്നുമില്ല. 2018 ഫെബ്രുവരി 6ന് മുമ്പ് ഇത് ബന്ധിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ മൊബൈല്‍ സേവനങ്ങള്‍ നിയന്ത്രണ വിധേയമാകും. 2018 ഫെബ്രുവരി 6 ആണ് ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി. എന്നാല്‍ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് സര്‍ക്കാര്‍ ഇതിനുള്ള നടപടികള്‍ എളുപ്പത്തിലാക്കിയിരുന്നു. ഡിസംബര്‍ ഒന്നിന് ശേഷം ബയോമെട്രിക് വിവരങ്ങള്‍ ഇല്ലാതെ വേരിഫിക്കേഷന് പൂര്‍ത്തിയാക്കാനുള്ള സംവിധാനം ലഭ്യമാകുമെന്ന് യുഐഡിഎഐയും വ്യക്തമാക്കിയിരുന്നു.
മ്യൂച്വല്‍ ഫണ്ട്
മൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ മൂച്വല്‍ ഫണ്ട് സ്ഥാപനങ്ങളും ഇപ്പോള്‍ പണമിടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2017 ഡിസംബര്‍ 31 ആണ്.