ആദ്യ ഇന്ത്യന്‍ വനിത ഫോട്ടോജേര്ണലിസ്റ് ഹോമായി വ്യര്വാല്ലരുടെ ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍
ഇന്ത്യയിലെ ആദ്യ വനിതാ വാര്‍ത്താ ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ ചരിത്രത്തിലിടം നേടിയ വ്യക്തിയാണ് ഹോമായി വ്യര്വാല്ല.
ഹോമായിയുടെ 104മാത് ജന്മദിനം ആഘോഷിക്കുകയാണ് ഗൂഗിള്‍ ഡൂഡില്‍. 1913 ഡിസംബര്‍ 9 ന് മുംബൈയിലാണ് ഹോമായി ജനിക്കുന്നത്.
ഹോമയിയോടുള്ള ആദരസൂചകമായി ഡൂഡിലില്‍ ഫോട്ടോ എടുക്കുന്ന ഹോമയിയുടെ ചിത്രമാണ് ഗൂഗിള്‍ നല്‍കിയിരിക്കുന്നത്.
‘ഡാല്‍ഡ 13’ എന്ന വിളിപ്പേരില്‍ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ അറിയപ്പെട്ട ഹോമായി പുരുഷന്മാര് കൈയടക്കിവാണിരുന്ന ഫോട്ടോഗ്രാഫി തട്ടകത്തിലെ ഏക സ്ത്രീസാന്നിധ്യമായിരുന്നു.
1938 മുതല്‍ 1973 വരെയുള്ള മുപ്പത്തഞ്ചുവര്‍ഷം ഹോമായി ഇന്ത്യയുടെ ഓരോ നാഡിമിടിപ്പും പകര്‍ത്തി. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ സുപ്രധാന കാലഘട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഇവര്‍ക്ക് 2011-ല്‍ രാജ്യം പത്മവിഭൂഷണ്‍ നല്കി ആദരിച്ചു.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ക്കാസി ഫൗണ്ടേഷന് ഫോര്‍ ആര്‍ട്ട് ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഹോമായുടെ പടങ്ങളുടെ പ്രദര്‍ശനം നടത്തിവരുന്നു.
ഹോമായുടെ കണ്ണുകളിലൂടെ ലോകം കണ്ടത് ഇന്ത്യയിലെ മാറ്റത്തിന്റെ സ്പന്ദനങ്ങളുമായിരുന്നു.
ഭര്‍ത്താവ് മനേകഷാ വ്യര്വാല്ലയാണ് ഹോമായി വ്യര്വാല്ലയെ ഫോട്ടോഗ്രഫിയിലേയ്ക്ക് കൊണ്ടുവരുന്നതും. ഫോട്ടോഗ്രാഫി പഠിക്കാന്‍ എല്ലാവിധ സഹായങ്ങള്‍ നല്കിയതും.
പാര്‍സി രീതിയില്‍ സാരി ചുറ്റി സൈക്കിളില്‍ കറങ്ങിയും ഇന്ത്യയുടെ അധികാര ഇടനാഴികളിലൂടെ ചുറുചുറുക്കോടെ ഓടിനടന്നും ചരിത്രപ്രധാനമായ സംഭവങ്ങളും മനുഷ്യരെയും അവര്‍ തന്റെ റോലിഫ്ലെക്സ് ക്യാമറയില്‍ പകര്‍ത്തി.
നെഹ്രു, ഇന്ദിരാഗാന്ധി, വിജയലക്ഷ്മി പണ്ഡിറ്റ്, രാജേന്ദ്രപ്രസാദ്, സി. രാജഗോപാലാചാരി എന്നിവരും. രണ്ടാം ലോകമഹായുദ്ധം, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം, ബംഗാള്‍ വിഭജനം തുടങ്ങി ചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൂടെ അവര്‍ സഞ്ചരിച്ചു.
ചരിത്രസംഭവങ്ങള്‍ക്കും വ്യക്തികള്‍ക്കുമൊപ്പം പതിയെ അവളും ചരിത്രത്തിലേക്ക് നടന്നുനീങ്ങുകയായിരുന്നു, ഇന്ത്യയിലെ ആദ്യത്തെ വനിതാ വാര്‍ത്താ ഫോട്ടോഗ്രാഫറായി.
സ്ത്രീക്ക് പരിമിതികള്‍ ഇല്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തെളിയിച്ച ഹോമായി 2012 ജനുവരി 15 ഈ ലോകത്തോട് വിട പറഞ്ഞു.