EBM News Malayalam

അസാധുവാക്കിയ കറസികളില്‍ 97 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: അസാധുവാക്കിയ 500, 1000 രൂപ കറസികളില്‍ 97 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിപ്പോര്‍ട്ട്. ബാങ്കുകളില്‍ ഡിസംബര്‍ 30 വരെ 14.97 ലക്ഷം കോടി രൂപയ്ക്കുള്ള കറന്‍സികള്‍ തിരിച്ചെത്തിയതായാണ് റിപ്പോര്‍ട്ട്. നവംബര്‍ എട്ടിന് 15.04 ലക്ഷം കോടി രൂപയുടെ കറസികളാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. വിപണിയിലുള്ളവയില്‍ 20 മുതല്‍ 40 വരെ ശതമാനം കള്ളപ്പണമാണെന്നും അതിനാല്‍ 20 മുതല്‍ 30 വരെ ശതമാനം നോട്ടുകള്‍ തിരിച്ചുവരില്ലെന്നുമാണ് ഗവണ്‍മെന്റ് ആദ്യദിവസങ്ങളില്‍ സൂചിപ്പിച്ചിരുന്നത്. ഇക്കഴിഞ്ഞ നവംബര്‍ 8ന് രാത്രിയായിരുന്നു രാജ്യത്ത് 1000,500 നോട്ടുകള്‍ നിരോധിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചത്. മൂന്ന് ലക്ഷം കോടി മുതല്‍ അഞ്ചു ലക്ഷം കോടി വരെ തിരിച്ചുവരില്ലെന്നും ആ തുക ബജറ്റിലേക്ക് മാറ്റി ദരിദ്രര്‍ക്കു നല്‍കുമെന്ന പ്രചരണവും ചിലര്‍ നടത്തി. പുതിയ കണക്കുകള്‍ പുറത്തുവരുന്നതോടെ ഈ വാദങ്ങളൊക്കെ പൊളിയുകയാണ് ചെയ്തിരിക്കുന്നത്.

നോട്ട് മാറ്റിവാങ്ങാനുള്ള സമയം പൂര്‍ണമായും അവസാനിക്കുന്നതിന് മുമ്ബ് തന്നെയാണ് 97 ശതമാനത്തിലധികം നോട്ടും തിരിച്ചെത്തിയിരിക്കുന്നത്. നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ച നവംബര്‍ ഒമ്ബത് മുതല്‍ ഡിസംബര്‍ 30 വരെയുള്ള കാലത്ത് വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ക്ക് മാര്‍ച്ച്‌ 31 വരെ അസാധു നോട്ടുകള്‍ മാറ്റിവാങ്ങാന്‍ സമയം ശേഷിക്കുന്നുണ്ട്. വിദേശ ഇന്ത്യക്കാര്‍ക്ക് അവരുടെ നോട്ടുമാറ്റാന്‍ ജൂണ്‍ 30 വരെയും സമയം ശേഷിക്കുന്നുണ്ട്. ആര്‍.ബി.ഐ ഓഫീസുകളില്‍ അസാധു നോട്ടുകള്‍ തിരിച്ചേല്‍പ്പിക്കാനുള്ള സമയം മൂന്നു മാസം ശേഷിക്കുന്നു.

Comments are closed, but trackbacks and pingbacks are open.